‘പുറത്ത് പരിക്കുകളില്ല, കഴുത്തിന് നീർക്കെട്ട്’; വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി
വീണാ ജോര്‍ജ്
കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ അംഗങ്ങളായ ഡോക്ടർമാരിൽ നിന്നാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്. സ്ഥലംമാറിപ്പോയ ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ടും പോലീസ് മൊഴി രേഖപ്പെടുത്തി.
പരിശോധനയിൽ പുറത്തുകാണത്തക്ക വിധത്തിലുള്ള പരിക്കുകളൊന്നും വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ അന്വേഷണസംഘത്തിന് മൊഴി നൽകി. എങ്കിലും കഴുത്തിൽ നീർക്കെട്ടും രണ്ട് നാഡികൾ തള്ളിയ നിലയിലും കണ്ടതിനെ തുടർന്നാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് കൂടുതൽ പരിശോധനകൾ നടത്തിയത്. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ പോകണമെന്ന് വീണാ ജോർജ് തന്നെ ആവശ്യപ്പെട്ടതിനാലാണ് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നും ഡോക്ടർമാർ വ്യക്തമാക്കുകയുണ്ടായി.