24/11/2026
[fontresizer_tawhidurrahmandear_widget]

‘പ്രധാനമന്ത്രി കടുത്ത നിരാശയിൽ; സഞ്ചിയുമെടുത്ത് മടങ്ങാൻ സമയമായി’: മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

 ‘പ്രധാനമന്ത്രി കടുത്ത നിരാശയിൽ; സഞ്ചിയുമെടുത്ത് മടങ്ങാൻ സമയമായി’: മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളെ ദിമാഗി നക്സലുകൾ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പ്രധാനമന്ത്രി കടുത്ത മാനസിക അസ്വസ്ഥതയിലും നിരാശയിലുമാണെന്നും, അധികാരമൊഴിഞ്ഞ് സഞ്ചിയുമെടുത്ത് മടങ്ങാനുള്ള സമയം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് തുറന്നടിച്ചു. എക്സിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഛത്തീസ്ഗഡിലെ ബസ്തറിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു മോദിയുടെ വിവാദ പരാമർശം. ആയുധമേന്തിയ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെങ്കിലും, പല രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും ‘ദിമാഗി നക്സലുകൾ’ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവർ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്നുമായിരുന്നു സൈനിക യൂണിഫോം ധരിച്ചുകൊണ്ടുള്ള മോദിയുടെ ആരോപണം. ഇതിന് മറുപടിയായാണ് കോൺഗ്രസ് ഇപ്പോൾ രംഗത്തെത്തിയത്.

ദീപാവലി ദിനത്തിൽ പോലും പ്രധാനമന്ത്രി തന്റെ സ്ഥിരം ശൈലിയിലുള്ള അധിക്ഷേപങ്ങൾ തുടരുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. രാഷ്ട്രീയേതരമായ ഒരു ഗൗരവമേറിയ ചടങ്ങിൽ, സുരക്ഷാ സേനയുടെ യൂണിഫോം ധരിച്ചുകൊണ്ട് രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നത് എല്ലാവിധ സ്ഥാപനപരമായ മര്യാദകൾക്കും നേരെയുള്ള ധിക്കാരപരമായ കടന്നുകയറ്റമാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ മോദിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ മുൻകാല നിലപാടുകളിലെ വൈരുദ്ധ്യങ്ങളും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ജാതി സെൻസസ് ആവശ്യപ്പെടുന്നവരെ അർബൻ നക്സലുകൾ എന്ന് വിളിച്ച പ്രധാനമന്ത്രി തന്നെയാണ് പിന്നീട് വരാനിരിക്കുന്ന സെൻസസിന്റെ ഭാഗമായി ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. അതുപോലെ, വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകരെ ‘നക്സൽ ആശയങ്ങളുടെ പിന്തുണക്കാർ’ എന്ന് അധിക്ഷേപിച്ച അദ്ദേഹം തന്നെ പിന്നീട് ആ നിയമങ്ങൾ പിൻവലിച്ചുവെന്നും കോൺഗ്രസ് നേതാവ് ഓർമ്മിപ്പിച്ചു.

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വെച്ച് നടത്തിയ പ്രസംഗത്തിലാണ് മോദി ‘ദിമാഗി നക്സൽ’ എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചത്. ആയുധമേന്തിയ തീവ്രവാദികളേക്കാൾ അപകടകാരികളാണ് ബുദ്ധിപരമായി നക്സലിസം പ്രചരിപ്പിക്കുന്നവരെന്നായിരുന്നു പ്രധാനമന്ത്രിയുടെ അപ്പോഴത്തെ ആരോപണം.

Also read: