ഗസ്സയിലെ കുട്ടികളുടെ ചികിത്സയ്ക്ക് കൊട്ടാരം വിൽക്കാനൊരുങ്ങി ഇറ്റാലിയൻ വനിത
റോം: തലമുറകളുടെ ഓർമകൾ തങ്ങിനിൽക്കുന്ന തന്റെ പൈതൃക സ്വത്ത് വിറ്റ്, യുദ്ധക്കെടുതിയിൽ നരകിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകാൻ ഒരുങ്ങുകയാണ് 75കാരിയായ ഇറ്റാലിയൻ വനിത യൂജീനിയ ഗ്രാനിറ്റോ. തന്റെ കുടുംബചരിത്രത്തിന്റെ ഭാഗമായ 17-ാം നൂറ്റാണ്ടിലെ കൊട്ടാരം വിറ്റുകിട്ടുന്ന മുഴുവൻ തുകയും ഗസ്സയിലെ കുട്ടികളുടെ ചികിത്സക്കായി സമർപ്പിക്കാനാണ് ഇവരുടെ തീരുമാനം.
ദക്ഷിണ ഇറ്റലിയിലെ സലേർണോ പ്രവിശ്യയിലുള്ള റോക്കാ ചിലെന്റോയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. സ്വന്തം ജീവിതവും കുടുംബത്തിന്റെ ഒട്ടനവധി ഓർമകളും ഇഴചേർന്നു കിടക്കുന്ന ഈ ഇടം വിട്ടുകൊടുക്കുക എന്നത് യൂജീനിയയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. യുദ്ധക്കെടുതിയിൽ പരിക്കേറ്റ്, അനസ്തേഷ്യ പോലുമില്ലാതെ ചികിത്സയ്ക്കായി പിടയുന്ന ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളാണ് യൂജീനിയയെ ഈ വലിയ തീരുമാനത്തിലേക്ക് നയിച്ചത്. ആ കുരുന്നുകളുടെ നിസ്സഹായാവസ്ഥ കണ്ടുനിൽക്കാനാവാതെയാണ് തലമുറകളുടെ ഓർമകൾ നിറഞ്ഞ സ്വന്തം പൈതൃകം ഉപേക്ഷിക്കാൻ അവർ തയ്യാറായത്. ഗസ്സയിലെ ആരോഗ്യമേഖല തകർന്നടിഞ്ഞ സാഹചര്യത്തിൽ, തനിക്ക് കഴിയുന്ന രീതിയിൽ ഒരു കൈത്താങ്ങാകാൻ അവർ നിശ്ചയിക്കുകയായിരുന്നു.
കൊട്ടാരം വിറ്റുകിട്ടുന്ന തുക പൂർണമായും അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്’ കൈമാറാനാണ് യൂജീനിയയുടെ തീരുമാനം. ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി ആശുപത്രികളും മറ്റ് ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ ഈ പണം വിനിയോഗിക്കണമെന്നാണ് അവരുടെ ആഗ്രഹം. വിൽപ്പന നടപടികൾ പൂർത്തിയാകുമ്പോൾ സംഘടനയുടെ പ്രതിനിധി നോട്ടറിക്ക് മുന്നിൽ നേരിട്ട് സന്നിഹിതനാകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ മേൽനോട്ടത്തിൽ കൊട്ടാരത്തിന്റെ വിൽപ്പന നടപടികൾ പുരോഗമിക്കുകയാണ്. വിൽപ്പന ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും, തന്റെ പ്രിയപ്പെട്ട പൈതൃകം കൈവിടുമ്പോഴും മറ്റൊരു ദേശത്തെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ അതിലൂടെ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ 75-കാരി. യുദ്ധവും സംഘർഷങ്ങളും ലോകത്തെ മുറിവേൽപ്പിക്കുമ്പോൾ, അതിരുകളില്ലാത്ത മാനവികതയുടെയും കാരുണ്യത്തിന്റെയും ഉദാത്തമായ മാതൃകയാവുകയാണ് യൂജീനിയ ഗ്രാനിറ്റോ.