ആൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ കയറി കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുത്തി 23-കാരൻ
തൂത്തുക്കുടി: ആൺകുട്ടികളോട് സംസാരിച്ചതിന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺസുഹൃത്തിനെ കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുത്തി 23-കാരൻ. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ശ്രീവൈകുണ്ഠം സബ് ഡിവിഷനിലെ സായർപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സെബത്തയ്യാപുരം അരുൾമിഗു മുത്തുമാലൈ അമ്മൻ ഹിന്ദു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ അപർണയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി മുത്തുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റ് ആൺകുട്ടികളോട് സംസാരിക്കരുതെന്ന് പ്രതിയായ മുത്തുരാജ് അപർണയ്ക്ക് താക്കീത് നൽകിയിരുന്നു. ഇത് വിസമ്മതിച്ചതാണ് ക്രൂരതയ്ക്ക് കാരണമായത്. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി കത്തിയും വിഷവുമായി എത്തുകയായിരുന്നു.
വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് പ്രതി അപർണയെ കഴുത്തുഞെരിച്ചും നെഞ്ചിന്റെ ഇടതുഭാഗത്തും മുതുകിലും കുത്തിയും കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യത്തിന് ശേഷം ഇടതുകൈയിലെ ഞരമ്പ് മുറിച്ചും അൽപം വിഷം കഴിച്ചും പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
അതേസമയം, സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീസുരക്ഷയിലുള്ള ടിവികെ സർക്കാരിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്ത് തൂത്തുക്കുടി എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി കരുണാനിധി എക്സ് പോസ്റ്റിലൂടെ കൊലപാതകത്തെ ശക്തമായി അപലപിച്ചു.