‘രാജ്യത്ത് വൻതോതിൽ പോഷകാഹാരക്കുറവും വിളർച്ചയും; ആരാണ് ഇതിന് ഉത്തരവാദി?‘; രാജ്യത്തെ വിളർച്ചാ പ്രതിസന്ധി മറച്ചുവെക്കാൻ മോദി സർക്കാരിന് കഴിയില്ലെന്ന് കോൺഗ്രസ്; കണക്കുകൾ നിരത്തി ഖാർഗെ
ന്യൂഡൽഹി: രാജ്യത്തെ പോഷകാഹാരക്കുറവും വിളർച്ചയും പരിഹരിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. വർഷങ്ങളായി വിവിധ ക്ഷേമപദ്ധതികളും പോഷകാഹാര പരിപാടികളും നടപ്പിലാക്കിയിട്ടും ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ഇപ്പോഴും വിളർച്ചയും സൂക്ഷ്മപോഷകങ്ങളുടെ കുറവും നേരിടുകയാണെന്നും, ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് എങ്ങനെയാണ് യുവജനസംഖ്യയുടെ നേട്ടം പ്രയോജനപ്പെടുത്താൻ കഴിയുകയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
കേന്ദ്ര സർക്കാരിന്റെ തന്നെ ‘ഐസിഎംആർ-സമ്പദ’ സർവേയിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത് പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 55.9 ശതമാനം പേരും വിളർച്ച ബാധിച്ചവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും മൂന്നിൽ രണ്ട് ഭാഗത്തോളം പേർ വൈറ്റമിൻ ബി12-ന്റെ കുറവ് നേരിടുന്നുണ്ട്. ഒന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 42 ശതമാനം പേർക്കും വിളർച്ചയുണ്ടെന്ന് സർവേ കണക്കുകൾ ഉദ്ധരിച്ച് ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ സ്ത്രീകളിലെ വിളർച്ചാ നിരക്ക് 66.2 ശതമാനവും ചെറിയ കുട്ടികളിലേത് 56.5 ശതമാനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിളർച്ചാ കേസുകളിൽ ഭൂരിഭാഗവും നേരിയ തോതിലുള്ളതാണെന്ന (മൈൽഡ് അനീമിയ) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വാദത്തെയും ഖാർഗെ ചോദ്യം ചെയ്തു. സർവേ പ്രകാരം പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 26.9 ശതമാനം പേർക്ക് മിതമായ (മോഡറേറ്റ്) വിളർച്ചയും 2.9 ശതമാനം പേർക്ക് ഗുരുതരമായ (സിവിയർ) വിളർച്ചയുമുണ്ട്. നേരിയ തോതിലുള്ള വിളർച്ചയ്ക്ക് പ്രാധാന്യം നൽകി സംസാരിക്കുന്നത് വഴി, രാജ്യത്തെ ഏകദേശം 30 ശതമാനത്തോളം സ്ത്രീകൾ മിതമായതോ ഗുരുതരമായതോ ആയ വിളർച്ച അനുഭവിക്കുന്നുവെന്ന യാഥാർത്ഥ്യം മറച്ചുവെക്കാൻ മോദി സർക്കാരിന് കഴിയില്ലെന്ന് ഖാർഗെ കുറിച്ചു. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മൂന്നിലൊന്നോളം പേർ ഭാരക്കുറവുള്ളവരാണെന്നും ദേശീയ നിരക്കുകൾ യഥാക്രമം 31.8 ശതമാനവും 19 ശതമാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോഷകാഹാര പദ്ധതികൾക്കായി അനുവദിക്കുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്നതിലും ഖാർഗെ സംശയം പ്രകടിപ്പിച്ചു. സർക്കാരിന്റെ സാമ്പത്തിക രേഖകൾ ഉദ്ധരിച്ചുകൊണ്ട്, കഴിഞ്ഞ ആറ് സാമ്പത്തിക വർഷത്തിനിടെ ‘സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0’ പദ്ധതിക്കും അതിന് മുൻപുണ്ടായിരുന്ന പദ്ധതികൾക്കുമായി 1.13 ലക്ഷം കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നാല് വർഷത്തിനിടെ പോഷൺ 2.0 പദ്ധതിക്കായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും തമ്മിൽ 2,500 കോടിയിലധികം രൂപയുടെ വ്യത്യാസമുണ്ട്. കൂടാതെ, ആദ്യഘട്ട ‘പോഷൺ അഭിയാൻ’ പദ്ധതിക്കായി അനുവദിച്ച ഫണ്ടിന്റെ 44 ശതമാനത്തോളം ചെലവഴിക്കാതെ കിടക്കുകയാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റിൽ വനിതാ-ശിശുവികസന മന്ത്രാലയത്തിനുള്ള വിഹിതം 2015-16 കാലയളവിലെ 0.96 ശതമാനത്തിൽ നിന്ന് 2025-26 ആയപ്പോഴേക്കും 0.50 ശതമാനമായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണത്തിനും നിരവധി പോഷകാഹാര പദ്ധതികൾക്കും ഫോർട്ടിഫൈഡ് അരി, അയൺ വിതരണ പരിപാടികൾക്കും ശേഷവും ഉത്തരവാദിത്തം എവിടെയാണെന്ന് ഖാർഗെ ചോദിച്ചു.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ‘ഇന്ത്യയിലെ വിവിധ പ്രായക്കാർക്കിടയിലുള്ള വിളർച്ചയും സൂക്ഷ്മപോഷകങ്ങളുടെ കുറവും’ എന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി. ബിജെപി വികസന മാതൃകയായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തും കേരളവും തമ്മിലുള്ള പോഷകാഹാര നിലവാരത്തിലെ വലിയ അന്തരമാണ് അദ്ദേഹം എക്സിലൂടെ തുറന്നുകാട്ടിയത്. 2023-25 കാലയളവിൽ ഗുജറാത്തിൽ 10-നും 19-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളിൽ 61.4 ശതമാനം പേരും, 20-നും 59-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 63.8 ശതമാനം പേരും, പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 66.2 ശതമാനം പേരും വിളർച്ച ബാധിച്ചവരാണെന്ന് ജയറാം രമേശ് പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഛത്തീസ്ഗഢ് മാത്രമാണ് ഇക്കാര്യത്തിൽ ഗുജറാത്തിനേക്കാൾ പിന്നിലുള്ളത്.
എന്നാൽ കേരളത്തിൽ ഇതേ വിഭാഗങ്ങളിലെ വിളർച്ചാ നിരക്ക് യഥാക്രമം 21.4 ശതമാനം, 28 ശതമാനം, 29.1 ശതമാനം എന്നിങ്ങനെയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ചെറിയ കുട്ടികളിലെ വിളർച്ചയുടെ കാര്യത്തിലും ഇരു സംസ്ഥാനങ്ങളും തമ്മിൽ വലിയ വ്യത്യാസമാണുള്ളത്. 12-നും 59-നും ഇടയിൽ മാസം പ്രായമുള്ള കുട്ടികളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വിളർച്ചാ നിരക്ക് ഗുജറാത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് (56.5 ശതമാനം). അതേസമയം, രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 14.5 ശതമാനമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ഈ കണക്കുകൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെങ്കിലും, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും വികസന മാതൃകയായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിനേക്കാൾ ഏറെ മുന്നിലാണ് കേരളമെന്ന് ജയറാം രമേശ് പരിഹസിച്ചു.