28/11/2026
[fontresizer_tawhidurrahmandear_widget]

നടപടിയെടുക്കാം, പക്ഷെ കുടിക്കാൻ ബിസ്‌ലേരി തന്നെ മതി; പരിശീലന സെമിനാറിൽ അംഗങ്ങൾക്ക് കുടിക്കാൻ ബിസ്‌ലേരിയുടെ വെള്ളം തന്നെ നൽകി ഭക്ഷ്യസുരക്ഷാ വിഭാഗം

 നടപടിയെടുക്കാം, പക്ഷെ കുടിക്കാൻ ബിസ്‌ലേരി തന്നെ മതി; പരിശീലന സെമിനാറിൽ അംഗങ്ങൾക്ക് കുടിക്കാൻ ബിസ്‌ലേരിയുടെ വെള്ളം തന്നെ നൽകി ഭക്ഷ്യസുരക്ഷാ വിഭാഗം

ഗാസിയാബാദ്: ബിസ്‌ലേരി കുപ്പിവെള്ളത്തിന്റെ ഒരു ബാച്ചിനെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നടപടിയെടുത്തതിന് പിന്നാലെ കൗതുകകരമായ മറ്റൊരു സംഭവം. ഗാസിയാബാദിലെ എൻ.ടി.സി.എഫ്.എസ്.എസിൽ (NTCFSS) എഫ്.എസ്.എസ്.എ.ഐ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിൽ ബിസ്‌ലേരിയുടെ കുപ്പിവെള്ളമാണ് വിതരണം ചെയ്തത്. രാജ്യത്തുടനീളമുള്ള കേന്ദ്ര-സംസ്ഥാന ഭക്ഷ്യസുരക്ഷാ അതോറിറ്റികളിൽ നിന്നുള്ള 1,155 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുത്തത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ (വിൽപ്പന നിരോധനവും നിയന്ത്രണങ്ങളും) ചട്ടങ്ങളെക്കുറിച്ചായിരുന്നു ഈ പരിശീലന പരിപാടി. ബിസ്‌ലേരി വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള രാജ്യവ്യാപക നിരീക്ഷണവും ഒരു പ്രത്യേക ബാച്ചിന്റെ വിൽപ്പന നിരോധനവും ചർച്ചയായിരിക്കുന്നതിനിടെയാണ് ഈ സംഭവം.

അതേസമയം, ബിസ്‌ലേരിയുടെ ഒരു ബാച്ചിന് മാത്രമാണ് നിരോധനമുള്ളതെന്ന് കമ്പനി വ്യക്തമാക്കി. നവംബർ 23-ന് എഫ്.എസ്.എസ്.എ.ഐ പുറപ്പെടുവിച്ച വിശദീകരണത്തെ ബിസ്‌ലേരി ഇന്റർനാഷണൽ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു. 14 മാസം മുൻപ് തങ്ങളുടെ ഗോവ പ്ലാന്റിൽ നിർമ്മിച്ച ഒരു ബാച്ചിൽ നിന്നുള്ള സാമ്പിളിനെക്കുറിച്ചാണ് വിശദീകരണം തേടിയതെന്ന് കമ്പനി അറിയിച്ചു. 2025 സെപ്റ്റംബർ 27-ന് ഗോവ പ്ലാന്റിൽ നിർമ്മിച്ച ‘ജിഒ 270’ (GO 270) എന്ന ഒരൊറ്റ ബാച്ചിന് മാത്രമാണ് എഫ്.എസ്.എസ്.എ.ഐയുടെ വിൽപ്പന നിരോധനം ബാധകമാകുന്നതെന്ന് കമ്പനി വ്യക്തമാക്കി. പ്രതിവർഷം 50,000-ത്തിലധികം ബാച്ചുകൾ നിർമ്മിക്കുന്നുണ്ടെന്നും, പരാതിക്കിടയാക്കിയ ബാച്ചിന്റെ സ്റ്റോക്കുകളൊന്നും നിലവിൽ വിപണിയിൽ ലഭ്യമല്ലെന്നും ബിസ്‌ലേരി അറിയിച്ചു. തങ്ങളുടെ 143 പ്ലാന്റുകളിലും ഉയർന്ന ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി ആവർത്തിച്ചു.

ഇതിനിടെ, പാൻ മസാലയുടെയും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെയും സെലിബ്രിറ്റി പരസ്യങ്ങളെക്കുറിച്ചും എഫ്.എസ്.എസ്.എ.ഐ സിഇഒ രജിത് പുൻഹാനി പ്രതികരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പരസ്യങ്ങളുമാണ് പ്രധാനമായും ധാർമ്മിക പ്രശ്നമുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്കെതിരെ ഏജൻസി സ്വീകരിച്ച നടപടികൾ നല്ല ഫലം നൽകിയെന്നും, പലരും തങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാൻ മസാല വിഷയം മഹാരാഷ്ട്ര സർക്കാർ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: