27/01/2026

ക്യാൻസറിനെ ക്ഷണിച്ചുവരുത്തും ഈ 5 വിഭവങ്ങള്‍; സൂക്ഷിക്കണം അക്രിലമൈഡിനെ

 ക്യാൻസറിനെ ക്ഷണിച്ചുവരുത്തും ഈ 5 വിഭവങ്ങള്‍; സൂക്ഷിക്കണം അക്രിലമൈഡിനെ


പുതിയ രുചികൾ തേടി പോകുന്ന യുവതലമുറക്കിടയിൽ അറിയാതെ കടന്നുകൂടുന്ന ഒരു വില്ലനാണ് അക്രിലമൈഡ് എന്ന രാസവസ്തു. പല ദൈനംദിന ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഇത് അർബുദത്തിന് കാരണമാവാമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ഉൾപ്പെടെയുള്ള പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

അക്രിലമൈഡ് എങ്ങനെ രൂപപ്പെടുന്നു?

എണ്ണയിൽ വറുക്കൽ, ബേക്കിങ് തുടങ്ങിയ ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളിലാണ് അക്രിലമൈഡ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് 120 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കുമ്പോൾ അന്നജം കൂടുതലടങ്ങിയ സസ്യാഹാരങ്ങളിൽ ഇത് രൂപം കൊള്ളുന്നു.

ഭക്ഷണത്തിലെ സ്വാഭാവിക പഞ്ചസാര അമിനോ ആസിഡുകളുമായി പ്രതിപ്രവർത്തിക്കുമ്പോഴാണ് ഈ രാസവസ്തു ഉണ്ടാകുന്നത്. പാചക സമയം കൂടുന്നതിനനുസരിച്ച് ഇതിൻ്റെ അളവും വർധിക്കുന്നു.

ഉയർന്ന അളവിൽ അക്രിലമൈഡ് ഉത്പാദിപ്പിക്കുന്ന അഞ്ചു ഭക്ഷണങ്ങൾ:

അമിതമായി അക്രിലമൈഡ് അടങ്ങിയ അഞ്ച് പ്രധാന ഭക്ഷണങ്ങൾ താഴെ നൽകുന്നു:

ക്രിസ്പി സ്നാക്സുകളും ഫ്രൈകളും:
ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, വറുത്ത കായ തുടങ്ങിയ ലഘുഭക്ഷണങ്ങളിൽ ഇതിൻ്റെ അളവ് വളരെ കൂടുതലാണ്. ഭക്ഷ്യ സുരക്ഷാ പഠനങ്ങൾ അനുസരിച്ച്, ഉരുളക്കിഴങ്ങ് ചിപ്‌സിൽ 300 മുതൽ 2000 മൈക്രോ ഗ്രാംസ്/കിലോ വരെ അക്രിലമൈഡ് ഉണ്ടാകാം.

പായ്ക്ക് ചെയ്ത ബിസ്‌കറ്റുകൾ: ഉയർന്ന താപനിലയിൽ ബേക്ക് ചെയ്യുന്ന ബിസ്‌കറ്റുകളിലും കുക്കികളിലും ഇത് കാണപ്പെടുന്നു. ബിസ്‌ക്കറ്റുകളിലെ അളവ് 160 മുതൽ 1000 മൈക്രോ ഗ്രാംസ്/കിലോ വരെയാകാം.

ടോസ്റ്റ് ചെയ്ത ബ്രെഡ്: അമിതമായി ടോസ്റ്റ് ചെയ്ത് തവിട്ടുനിറമാകുമ്പോൾ അക്രിലമൈഡിൻ്റെ അളവ് വർധിക്കുന്നു (ഏകദേശം 50 മുതൽ 500 വരെ).

കാപ്പി: കാപ്പിക്കുരു റോസ്റ്റ് ചെയ്യുമ്പോൾ അക്രിലമൈഡ് രൂപപ്പെടുന്നു. ഡാർക്ക് റോസ്റ്റിനെ അപേക്ഷിച്ച് ലൈറ്റ് മുതൽ മീഡിയം റോസ്റ്റുകളിൽ പലപ്പോഴും ഇതിൻ്റെ അളവ് കുറവാണ്.

പായ്ക്ക് ചെയ്ത പ്രഭാതഭക്ഷണ ധാന്യങ്ങൾ: കോൺ ഫ്‌ളേക്‌സുകൾ, ഗോതമ്പ് ക്രിസ്‌പ്‌സുകൾ, മറ്റ് പഫ്ഡ് ധാന്യങ്ങൾ എന്നിവ ഉയർന്ന ചൂടിൽ ചുട്ടെടുക്കുകയോ വറുക്കുകയോ ചെയ്യുന്നതിനാൽ അക്രിലമൈഡ് ഉണ്ടാവാം. പഞ്ചസാര കൂടുതലുള്ളതും അമിതമായി തവിട്ടുനിറമായതുമായ ധാന്യങ്ങളിലാണ് ഇത് കൂടുതൽ.

പ്രതിവിധി: പാചകരീതിയിൽ മാറ്റം വരുത്താം

ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടാതെ തന്നെ അക്രിലമൈഡിൻ്റെ രൂപീകരണം കുറയ്ക്കാൻ ചില വഴികളുണ്ട്.
-വറുക്കുന്നതിനു പകരം തിളപ്പിക്കുകയോ എയർ ഫ്രൈ ചെയ്യുകയോ ചെയ്യുക
-ഭക്ഷണം അമിതമായി ക്രിസ്പിയാക്കുന്നത് ഒഴിവാക്കുക
-ഉരുളക്കിഴങ്ങ് പോലുള്ളവ പാചകം ചെയ്യുന്നതിന് മുൻപ് വെള്ളത്തിൽ കഴുകി വയ്ക്കുന്നത് ഗുണം ചെയ്യും.

Also read: