ബിഹാറിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 7 നേതാക്കളെ പുറത്താക്കി
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ അച്ചടക്ക നടപടികള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഏഴ് മുതിര്‍ന്ന നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ആറ് വര്‍ഷത്തേക്കാണ് നടപടി. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ബിപിസിസി മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്മാന്‍, കോണ്‍ഗ്രസ് സേവാദള്‍ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പാസ്വാന്‍, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ് കുമാര്‍ ശര്‍മ്മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ്കുമാര്‍ രാജന്‍, പിന്നാക്ക വിഭാഗം മുന്‍ പ്രസിഡന്റ് കുന്ദന്‍ ഗുപ്ത എന്നിവരാണ് പുറത്താക്കപ്പെട്ട പ്രമുഖര്‍. ബങ്ക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കാഞ്ചന കുമാരി, നളന്ദ ജില്ലയില്‍ നിന്നുള്ള രവി ഗോള്‍ഡന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്.
പാര്‍ട്ടി അച്ചടക്ക സമിതി പുറത്തിറക്കിയ ഉത്തരവില്‍ സംഘടനാ മര്യാദ ലംഘിക്കുകയും പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന തരത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്തുവെന്ന് നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തി. എന്നാല്‍, പാര്‍ട്ടിയുടെ പരാജയത്തിന് ഉത്തരവാദികളായ മുതിര്‍ന്ന നേതാക്കളെ മറച്ചുപിടിക്കാന്‍ ഈ നേതാക്കളെ ബലിയാടാക്കുകയാണെന്ന് വിമത വിഭാഗം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനായി ബിപിസിസി പ്രസിഡന്റ് രാജേഷ് റാം സംസ്ഥാനവ്യാപകമായി അവലോകന യോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭരണഘടനയെ രക്ഷിക്കൂ പരിപാടികള്‍ക്കും ഡിസംബര്‍ 14ലെ ഡല്‍ഹി റാലിക്കുമുള്ള ഒരുക്കങ്ങള്‍ ശക്തമാക്കാനും അദ്ദേഹം ജില്ലാ ഘടകങ്ങളോട് ആവശ്യപ്പെട്ടു.