‘ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് കോണ്‍ഗ്രസ് തന്ത്രമായോ?’; രൂക്ഷവിമര്‍ശനവുമായി ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയുടെയും സുഖ്‌വീന്ദര്‍ സിങ് സുഖുവിന്‍റെയും വിവാദ പരാമര്‍ശങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് കോണ്‍ഗ്രസ് തന്ത്രമായി മാറിയോ എന്ന് ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി ചോദിച്ചു. ഇരുനേതാക്കളും ഹിന്ദു വിരുദ്ധ പരാമര്‍ശമാണ് നടത്തിയിരിരക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹിന്ദു ദൈവങ്ങളുടെ എണ്ണത്തെക്കുറിച്ചും ഓരോ വിഭാഗക്കാര്‍ക്കും ഓരോ ദൈവങ്ങളെ നിശ്ചയിക്കുന്നതിനെക്കുറിച്ചും തമാശ രൂപേണ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. അതേസമയം, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു യുവാക്കളോട് ‘രാധേ രാധേ’ എന്ന മതപരമായ അഭിവാദ്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോയും ബിജെപിയുടെ വിമര്‍ശനത്തിന് കാരണമായി.
ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും സനാതന ധര്‍മ്മത്തെ തുടര്‍ച്ചയായി അപമാനിക്കാനുള്ള കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ശ്രമമാണിതെന്നും ത്രിവേദി പത്രസമ്മേളനത്തില്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റത്തെയും, ഡിഎംകെയുടെ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു. ‘ഹിന്ദുമതത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുക’ എന്ന കോണ്‍ഗ്രസ് അജണ്ടയാണ് പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ ‘മുസ്ലീം ലീഗ്മാവോയിസ്റ്റ്’ എന്ന് വിമര്‍ശിക്കാന്‍ കാരണമായതെന്ന് ത്രിവേദി ചൂണ്ടിക്കാട്ടി.