എസ്.ഐ.ആര്‍: കേരളത്തില്‍ കൂടുതല്‍ പേര്‍ പുറത്തായത് ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍-റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്രപരിശോധനയുടെ (എസ്.ഐ.ആര്‍) ഭാഗമായി വോട്ടര്‍മാരെ ഒഴിവാക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ പേര്‍ പുറത്താകുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തൊട്ടാകെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നവരില്‍ 22 ശതമാനവും ബി.ജെ.പി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളിലാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നത്. ഇവിടെ 58,828 പേരെയാണ് (ആകെ വോട്ടര്‍മാരുടെ 28 ശതമാനം) നീക്കം ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമതെത്തിയ മണ്ഡലമാണിത്. കൂടാതെ, ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലും വോട്ടര്‍മാരെ നീക്കം ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
സുരേഷ് ഗോപി വിജയിച്ച തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ കണക്കുകളും ശ്രദ്ധേയമാണ്. ഗുരുവായൂര്‍ ഒഴികെ സുരേഷ് ഗോപി ലീഡ് നേടിയ ആറ് നിയമസഭാ മണ്ഡലങ്ങളിലും ‘അജ്ഞാത വോട്ടര്‍മാരുടെ'(Untraceable) എണ്ണം കൂടുതലാണ്. സംസ്ഥാനത്ത് ഒരു ബൂത്തില്‍ നിന്ന് ശരാശരി 50 വോട്ടര്‍മാര്‍ പുറത്താക്കപ്പെടുമ്പോള്‍, ബി.ജെ.പി ലീഡ് ചെയ്ത ബൂത്തുകളില്‍ ഈ സംഖ്യ പലമടങ്ങാണ്.
ഉദാഹരണത്തിന്, തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് 559 വോട്ട് ഭൂരിപക്ഷം ലഭിച്ച 29-ാം നമ്പര്‍ ബൂത്തില്‍ 337 വോട്ടര്‍മാരെയാണ് നീക്കം ചെയ്യുന്നത്. ഇതില്‍ 334 പേരും ‘കണ്ടെത്താനാവാത്തവര്‍’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. കൂടാതെ 16-ാം നമ്പര്‍ ബൂത്തില്‍ 191 പേരെ ഒഴിവാക്കുമ്പോള്‍ അതില്‍ 143 പേരും സ്ഥിരമായി സ്ഥലം മാറിപ്പോയവരാണ്.
നഗരമേഖലകളില്‍ വോട്ടര്‍മാര്‍ സ്ഥലം മാറിപ്പോകുന്നത് സ്വാഭാവികമാണെങ്കിലും ഒല്ലൂര്‍, മണലൂര്‍, ആറ്റിങ്ങല്‍, മഞ്ചേശ്വരം തുടങ്ങിയ നഗര-ഗ്രാമ ഭേദമില്ലാത്ത മണ്ഡലങ്ങളിലും അജ്ഞാത വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ബി.ജെ.പി മുന്നിലെത്തിയ മണ്ഡലങ്ങളില്‍ മാത്രം ഇത്തരം വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത്, തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തില്‍ വോട്ട് ചോര്‍ച്ചയുണ്ടായി എന്ന ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപടികളിലൂടെ ഏകദേശം 25 ലക്ഷം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 22.62 ശതമാനവും ബി.ജെ.പി സ്വാധീനം തെളിയിച്ച 20 മണ്ഡലങ്ങളില്‍ നിന്നാണെന്നത് ഗൗരവതരമായ കണ്ടെത്തലാണ്.