29/03/2026
[fontresizer_tawhidurrahmandear_widget]

അബൂ ഉബൈദയുടെ പിന്‍ഗാമിയെ അവതരിപ്പിച്ച് അല്‍ഖസ്സാം ബ്രിഗേഡ്‌സ്; മുഖപടമില്ലാത്ത മുന്‍ വക്താവിന്റെ ചിത്രവും വിവരങ്ങളും ആദ്യമായി പുറത്തുവിട്ടു

 അബൂ ഉബൈദയുടെ പിന്‍ഗാമിയെ അവതരിപ്പിച്ച് അല്‍ഖസ്സാം ബ്രിഗേഡ്‌സ്; മുഖപടമില്ലാത്ത മുന്‍ വക്താവിന്റെ ചിത്രവും വിവരങ്ങളും ആദ്യമായി പുറത്തുവിട്ടു

വീഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ട പുതിയ വക്താവ്, അല്‍ഖസ്സാം പുറത്തുവിട്ട അബൂ ഉബൈദയുടെ ചിത്രം

ഗസ്സ സിറ്റി: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സ് തങ്ങളുടെ പുതിയ ഔദ്യോഗിക വക്താവിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ‘അബൂ ഉബൈദ’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ തങ്ങളുടെ മുന്‍ വക്താവിന്റെ ഉള്‍പ്പെടെയുള്ള മരണവിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള വിഡിയോയിലാണ് പുതിയ വക്താവ് പ്രത്യക്ഷപ്പെട്ടത്. അബൂ ഉബൈദയുടെ പേരുവിവരങ്ങളും മുഖപടമില്ലാത്ത ചിത്രവും സംഘടന പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, പുതിയ വക്താവിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇന്നു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ഖസ്സാം ബ്രിഗേഡ്സ് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ച് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന, അറബ് ലോകം ‘മുഖംമൂടി ധരിച്ചയാള്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അബൂ ഉബൈദയുടെ യഥാര്‍ത്ഥ പേര് ‘ഹുസൈഫ സമീര്‍ അല്‍-കഹ്ലൂത്ത്’ എന്നാണെന്ന് പുതിയ വക്താവ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്ന ചിത്രവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ ഗസ്സ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹുസൈഫ സമീര്‍ അല്‍-കഹ്ലൂത്ത് എന്ന അബൂ ഉബൈദ കൊല്ലപ്പെട്ടതെന്ന് അല്‍-ഖസ്സാം ബ്രിഗേഡ്സ് സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ടോളം അല്‍-ഖസ്സാം ബ്രിഗേഡ്സിന്റെ മാധ്യമ വിഭാഗത്തെ നയിച്ച അബൂ ഉബൈദയുടെ യഥാര്‍ഥ മുഖം ഇതാദ്യമായാണ് ലോകം കാണുന്നത്. ‘ശത്രുക്കളെ നിരാശയിലാഴ്ത്തുകയും വിശ്വാസികളുടെ ഹൃദയം കവരുകയും ചെയ്ത മഹാനായ നേതാവ്’ എന്നാണ് പുതിയ വക്താവ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഏറ്റവും കഠിനമായ സമയങ്ങളില്‍ പോലും ജനങ്ങളെ കൈവിടാതെ യുദ്ധമുഖത്തുനിന്ന് സംസാരിച്ച നേതാവായിരുന്നു അബൂ ഉബൈദയെന്നും ഓര്‍മിപ്പിച്ചു.

അബൂ ഉബൈദയ്ക്ക് പുറമെ, അല്‍-ഖസ്സാം ബ്രിഗേഡ്സിന്റെ മറ്റ് മുതിര്‍ന്ന നേതാക്കളുടെ മരണവും വീഡിയോയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍-ഖസ്സാം ബ്രിഗേഡ്സിന്റെ മുന്‍ ഗസ്സ മേധാവിയും മുന്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ സഹോദരനുമായ മുഹമ്മദ് അല്‍സിന്‍വാര്‍ കഴിഞ്ഞ മെയ് മാസത്തില്‍ കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. കൂടാതെ റഫ ബ്രിഗേഡ് കമാന്‍ഡര്‍ മുഹമ്മദ് ഷബാന, മുതിര്‍ന്ന നേതാക്കളായ റാഇദ് സാദ്, ഹകം അല്‍-ഇസ്സി എന്നിവരും വിവിധ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഇസ്രയേല്‍ സൈന്യം നേരത്തെ തന്നെ ഇവരുടെ മരണം അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇപ്പോഴാണ് ഹമാസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

ആരാണ് അബൂ ഉബൈദ?

1948-ലെ നക്ബ ദുരന്തകാലത്ത് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തില്‍ ഗസ്സയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിലാണ് കഹ്ലൂത്ത് ജനിച്ചത്. 1980കളുടെ മധ്യത്തിലാണ് ജനനം എന്ന് കരുതപ്പെടുന്നു. രണ്ടാം ഇന്‍തിഫാദ (2000-2005) കാലത്താണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുചരനായ അബൂ ഉബൈദ ഇബ്‌നു അല്‍-ജറായോടുള്ള ആദരസൂചകമായി ‘അബൂ ഉബൈദ’ എന്ന പേര് സ്വീകരിച്ചത്. മരണത്തിന് മുമ്പ് സംഘടനയിലെ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ സ്വത്വം അറിയുമായിരുന്നുള്ളൂ.

2004 ഒക്ടോബറില്‍ വടക്കന്‍ ഗസ്സയിലെ ഇസ്രയേല്‍ ആക്രമണ സമയത്താണ് ഇദ്ദേഹം ആദ്യമായി വാര്‍ത്താസമ്മേളനം നടത്തിയത്. പിന്നീട് ഹമാസിന്റെ സൈനിക നീക്കങ്ങളുടെ ഏക ശബ്ദമായി അദ്ദേഹം മാറി. 2006-ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷാലിറ്റിനെ പിടികൂടിയ വിവരം പ്രഖ്യാപിച്ചതോടെയാണ് അബൂ ഉബൈദ ആഗോളശ്രദ്ധ നേടുന്നത്. 2014-ല്‍ മറ്റൊരു സൈനികനായ ഷൗല്‍ അരോണിനെ പിടികൂടിയ വിവരവും ഇദ്ദേഹമാണ് പുറത്തുവിട്ടത്.

2023 ഒക്ടോബറിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം അറബ് ലോകത്ത് അബൂ ഉബൈദയുടെ ജനപ്രീതി കുതിച്ചുയര്‍ന്നു. അദ്ദേഹത്തിന്റെ പേരില്‍ ഗാനങ്ങള്‍ ഇറങ്ങുകയും പ്രതിഷേധങ്ങളില്‍ ആ രൂപം അനുകരിക്കപ്പെടുകയും ചെയ്തു. സൈബര്‍ സ്വാധീനം മുന്‍നിര്‍ത്തി 2024 ഏപ്രിലില്‍ അമേരിക്ക ഇദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നിരവധി തവണ ഇസ്രയേല്‍ വധശ്രമങ്ങളെ ഇദ്ദേഹം അതിജീവിച്ചിട്ടുണ്ട്.

Also read: