30/03/2026
[fontresizer_tawhidurrahmandear_widget]

‘ആര്യൻ ഖാൻ ജയിലിലായതോടെ ഷാരൂഖ് ഖാന്‍ ജവാൻ ഷൂട്ടിങ് നിർത്തി; ആരും കാണാത്ത ഒരിടത്തേക്ക് മാറി’-നടി ഗിരിജ ഓക്ക്

 ‘ആര്യൻ ഖാൻ ജയിലിലായതോടെ ഷാരൂഖ് ഖാന്‍ ജവാൻ ഷൂട്ടിങ് നിർത്തി; ആരും കാണാത്ത ഒരിടത്തേക്ക് മാറി’-നടി ഗിരിജ ഓക്ക്

മുംബൈ: മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അകപ്പെട്ട സമയത്ത് ഷാരൂഖ് ഖാൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം പുലർത്തിയ ആത്മസംയമനത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി ഗിരിജ ഓക്ക്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ജവാനി’ൽ ഷാരൂഖിന്റെ ടീമിലെ പ്രധാന അംഗമായി വേഷമിട്ട ഗിരിജ, ഒരു അഭിമുഖത്തിലാണ് അന്നത്തെ സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചത്.

മകൻ ജയിലിലായ ആ മാസങ്ങളിൽ ഷാരൂഖ് ഖാൻ ‘ജവാൻ’ സിനിമയുടെ ചിത്രീകരണം പൂർണമായും നിർത്തിവെച്ചിരുന്നുവെന്ന് ഗിരിജ വെളിപ്പെടുത്തി. “ആ സമയത്ത് ആർക്കും അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ സാധിക്കുമായിരുന്നില്ല. അദ്ദേഹം പൊതുവേദികളിൽ നിന്നും ക്യാമറകൾക്ക് മുന്നിൽ നിന്നും പൂർണമായും മാറിനിൽക്കുകയായിരുന്നു,” ഗിരിജ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്പം ശാന്തമായ ശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. “ഇത്രയും വലിയൊരു വ്യക്തിപരമായ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും, സെറ്റിൽ തിരിച്ചെത്തിയ അദ്ദേഹം ആരോടും ദേഷ്യപ്പെടുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്തില്ല. പഴയ അതേ ശാന്തതയും സൗമ്യതയും അദ്ദേഹം കാത്തുസൂക്ഷിച്ചു. വ്യക്തിജീവിതത്തിലെ കൊടുങ്കാറ്റുകൾ ജോലിയെ ബാധിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. തികച്ചും പ്രൊഫഷണലായിരുന്നു അദ്ദേഹം,” ഗിരിജ ഓർത്തെടുത്തു.

ആ സമയത്ത് ലതാ മങ്കേഷ്‌കറുടെ സംസ്കാര ചടങ്ങിൽ ഷാരൂഖ് ഖാൻ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പ്രാർത്ഥിച്ച് ഊതിയതിനെ, ‘തുപ്പി’ എന്ന് വ്യാഖ്യാനിച്ച് ചിലർ വിവാദമാക്കിയ കാര്യവും ഗിരിജ ചൂണ്ടിക്കാട്ടി. “അന്ന് അദ്ദേഹത്തെ സോഷ്യൽ മീഡിയയിലും മറ്റും ക്രൂരമായി വേട്ടയാടി. എന്നാൽ ഇതിനെയെല്ലാം മൗനം കൊണ്ടും തന്റെ കർമം കൊണ്ടും അദ്ദേഹം നേരിട്ടു. ഒരു മനുഷ്യൻ എന്ന നിലയിൽ ഷാരൂഖ് എത്രത്തോളം കരുത്തനാണെന്ന് തെളിയിക്കുന്നതായിരുന്നു ആ നാളുകൾ,” താരം കൂട്ടിച്ചേർത്തു.

2021 ഒക്ടോബറിലാണ് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടന്ന എൻസിബി റെയ്ഡിനിടെ ആര്യൻ ഖാൻ അറസ്റ്റിലായത്. 25 ദിവസം ജയിലിൽ കിടന്ന ആര്യനെതിരെ തെളിവുകളില്ലെന്ന് കണ്ടെത്തി 2022 മെയ് മാസത്തിൽ അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയിരുന്നു. കേസിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ പിന്നീട് അഴിമതി ആരോപണങ്ങളിൽ കുടുങ്ങുകയും ചെയ്തിരുന്നു.

Also read: