ഉമർ ഖാലിദും ഷർജീലും തടവറയിൽ തന്നെ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
ന്യൂ ഡല്‍ഹി: ഡൽഹി കലാപ കേസിൽ ഗൂഢാലോചന ആരോപിച്ച് ജയിലിൽ അടച്ച ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഇരുവരും ജയിലിൽ തന്നെ തുടരേണ്ടി വരും. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.
യുഎപിഎ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകൾ പ്രതികൾക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വൈകുന്നത് കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് ജയിലിൽ കഴിയുകയാണ്.
അതേസമയം, ഇതേ കേസിൽ മറ്റ് അഞ്ച് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 2020-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിലുണ്ടായ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഈ വിധി.
ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് കോടതി രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.