07/03/2026
[fontresizer_tawhidurrahmandear_widget]

ഹരിദ്വാറില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക്? കുംഭമേളയ്ക്ക് 105 ഘട്ടങ്ങളില്‍ പ്രവേശനം തടയാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

 ഹരിദ്വാറില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക്? കുംഭമേളയ്ക്ക് 105 ഘട്ടങ്ങളില്‍ പ്രവേശനം തടയാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: വരാനിരിക്കുന്ന കുംഭമേളയോടനുബന്ധിച്ച് ഹരിദ്വാറിലെ ഘട്ടുകളില്‍ (സ്‌നാനഘട്ടങ്ങളില്‍) അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഹര്‍ കി പൗരി ഉള്‍പ്പെടെയുള്ള 105 പ്രധാന ഘട്ടങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.

കുംഭമേളയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി അഹിന്ദുക്കളെ സ്‌നാനഘട്ടങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സന്യാസി സമൂഹവും അഖാഡകളും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണു വിവരം.

ഹരിദ്വാറിലെ ഹര്‍ കി പൗരി, മറ്റ് പ്രധാന സ്‌നാനഘട്ടങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും നിയന്ത്രണം. ഏകദേശം 105 ഘട്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കുംഭമേളയുടെ മതപരമായ പരിശുദ്ധി നിലനിര്‍ത്തുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമായി പറയുന്നത്. സനാതന ധര്‍മത്തില്‍ വിശ്വസിക്കാത്തവര്‍ പുണ്യസ്‌നാന ഘട്ടങ്ങളില്‍ പ്രവേശിക്കുന്നത് തടയണമെന്നാണ് അഖാഡകളുടെ ആവശ്യം.

ഇത് സംബന്ധിച്ച നിര്‍ദേശം ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തുവരികയാണ്. ഔദ്യോഗിക വിജ്ഞാപനം വന്നിട്ടില്ലെങ്കിലും, കുംഭമേളയ്ക്ക് മുന്നോടിയായി തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

അടുത്തിടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ചില നയങ്ങളുടെ തുടര്‍ച്ചയായാണ് ഈ നീക്കത്തെയും നിരീക്ഷകര്‍ കാണുന്നത്. നേരത്തെ ചാര്‍ ധാം യാത്രയിലുള്‍പ്പെടെ അഹിന്ദുക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യങ്ങളും ചില കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു.

Also read: