ചാനല്‍ ചര്‍ച്ചകളിലെ ഇടതു പോരാളി; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍
ബിജെപിയില്‍ ചേര്‍ന്ന റെജി ലൂക്കോസിനെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ഷാള്‍ അണിയിച്ചു സ്വീകരിക്കുന്നു
തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്.
ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിക്കുന്ന സിപിഎം ആണ് യഥാര്‍ത്ഥത്തില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നത്,’ റെജി ലൂക്കോസ് കുറ്റപ്പെടുത്തി.
അതേസമയം, റെജി ലൂക്കോസിന് പാര്‍ട്ടിയുമായി ഔദ്യോഗിക ബന്ധമില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പ്രതികരിച്ചു. അദ്ദേഹം പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും, സ്വയം പ്രഖ്യാപിത സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതായും സിപിഎം നേതൃത്വം വ്യക്തമാക്കി. മാധ്യമങ്ങളാണ് അദ്ദേഹത്തിന് ‘ഇടത് സഹയാത്രികന്‍’ എന്ന വിശേഷണം നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ജനുവരി 11-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.