02/03/2026
[fontresizer_tawhidurrahmandear_widget]

‘സുകുമാരൻ നായർ നിഷ്‌കളങ്കൻ, ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും’- വെള്ളാപ്പള്ളി നടേശൻ

 ‘സുകുമാരൻ നായർ നിഷ്‌കളങ്കൻ, ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും’- വെള്ളാപ്പള്ളി നടേശൻ

ചേർത്തല: നായർ-ഈഴവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിഷ്‌കളങ്കനാണെന്നും ഐക്യനീക്കങ്ങളിൽ നിന്ന് അദ്ദേഹം പിന്നോട്ടുപോയതിന്റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചേർത്തലയിൽ നടന്ന എസ്.എൻ ട്രസ്റ്റ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കൾ എല്ലാവരും ഒന്നാണെന്നും ചോരയും വിശ്വാസവും ആചാരങ്ങളും നമ്മെ ഒന്നിപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. താൻ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതിനെ പലരും വിമർശിച്ചപ്പോൾ സുകുമാരൻ നായർ നൽകിയ പിന്തുണ മറക്കാനാവില്ല. സമുദായങ്ങൾക്കിടയിലെ വിഭാഗീയത എന്നെന്നേക്കുമായി നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി, താൻ മുസ്‌ലിം മതത്തിന് എതിരല്ലെന്ന് വ്യക്തമാക്കി. ആനുകൂല്യങ്ങൾ ഒരു വിഭാഗം മാത്രം കൈക്കലാക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിച്ചത്. സാമൂഹ്യനീതി നിഷേധിക്കപ്പെടുമ്പോൾ അത് തുറന്നുപറയുക തന്നെ ചെയ്യും. സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ സമുദായം ജാഗ്രത പാലിക്കണമെന്നും, സുകുമാരൻ നായർ കാണിച്ച വിശാലമനസ്‌കത തനിക്ക് ഇരട്ടി കരുത്ത് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: