‘ഈ മണ്ടൻ തീരുമാനത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും’; വിപ്ലവ ഗാർഡിനെ ഭീകരപ്പട്ടികയിൽ ചേർത്ത യൂറോപ്യൻ യൂനിയന് ഇറാന്റെ മുന്നറിയിപ്പ്
തെഹ്റാൻ: ഇറാൻ വിപ്ലവ ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യൂറോപ്യൻ യൂനിയന്റെ നടപടിക്കെതിരെ കടുത്ത ഭീഷണിയുമായി ഇറാൻ രംഗത്ത്. ഈ വിഡ്ഢിത്തത്തിന് യൂറോപ്യൻ രാജ്യങ്ങൾ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. നടപടിക്ക് മറുപടി ഇല്ലാതിരിക്കില്ലെന്നും ഇറാൻ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്സെനി എജെഇ മുന്നറിയിപ്പ് നൽകി.
യൂറോപ്പിന്റെ ശത്രുതാപരമായ നടപടി ചോദ്യം ചെയ്യപ്പെടാതെ പോകില്ല. ഉപരോധങ്ങൾ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെങ്കിലും, യൂറോപ്യൻ യൂനിയന് ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐ.ആർ.ജി.സിയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി അബ്ദുല്ല ഹാജി സാദെഖി പറഞ്ഞു. യൂറോപ്യൻ യൂനിയൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ദാസന്മാരായി’ മാറിയെന്നും പാശ്ചാത്യർക്ക് മുന്നിൽ മുട്ടുമടക്കിയെന്നും സാദെഖി പരിഹസിച്ചു. യൂറോപ്പിന് സ്വതന്ത്രമായ അസ്തിത്വം നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂനിയന്റെ തീരുമാനത്തിനുള്ള പ്രത്യാഘാതങ്ങൾ ഉടനടി ഉണ്ടാകുമെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് അഡ്മിറൽ അലി ഷംഖാനി വ്യക്തമാക്കി. ഗസ്സയിലെ കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്ന പാശ്ചാത്യർ, ഐ.എസ് ഭീകരർക്കെതിരെ പോരാടിയ വിപ്ലവ ഗാർഡിനെ ഭീകരരായി മുദ്രകുത്തുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും ശക്തമായ ഭീകരവിരുദ്ധ സേനകളിലൊന്നാണ് ഐ.ആർ.ജി.സി എന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. ഭീകരരുടെ പക്ഷത്ത് നിൽക്കുന്നവർക്ക് മാത്രമേ ഐ.എസിനെതിരായ ഐ.ആർ.ജി.സിയുടെ പോരാട്ടത്തെ തള്ളിപ്പറയാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.ആർ.ജി.സിയെ യൂറോപ്യൻ യൂനിയൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, വിദേശശക്തികളുടെ പിന്തുണയോടെ നടന്ന കലാപങ്ങളെയാണ് തങ്ങൾ നേരിട്ടതെന്നും, പള്ളികളും ആംബുലൻസുകളും തകർത്തവരെയാണ് അടിച്ചമർത്തുന്നതെന്നും ഇറാൻ വാദിക്കുന്നു.