07/03/2026
[fontresizer_tawhidurrahmandear_widget]

‘ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോകും’; ഐക്യം സാധ്യമാകുമെന്നും വെള്ളാപ്പള്ളി

 ‘ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോകും’; ഐക്യം സാധ്യമാകുമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: എൻഎസ്എസ്-എസ്എൻഡിപി ഐക്യം വൈകാതെ സാധ്യമാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. ജാതി പറഞ്ഞ് കലഹിക്കുന്നത് ഹൈന്ദവ സമൂഹത്തെ കൂടുതൽ അധോഗതിയിലേക്ക് നയിക്കുമെന്നും അത്തരമൊരു ദുരവസ്ഥ ഒഴിവാക്കാനാണ് ഐക്യശ്രമങ്ങൾ ആരംഭിച്ചതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. സംഘടനയുടെ വാരികയായ യോഗനാദത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

ന്യൂനപക്ഷങ്ങളുടെ സംഘടിത ശേഷിക്ക് മുന്നിൽ ഭൂരിപക്ഷ വിഭാഗം ഞെരുക്കം അനുഭവിക്കുകയാണെന്ന് വെള്ളാപ്പള്ളി നിരീക്ഷിക്കുന്നു. ഭരണതലങ്ങളിൽ ഭൂരിപക്ഷ വിഭാഗം അവഗണിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. അപ്രിയ സത്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ വർഗീയവാദിയാക്കാനും വ്യക്തിഹത്യ ചെയ്യാനും ആസൂത്രിത ശ്രമങ്ങൾ നടന്നു. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന്റെ പേരിൽ ഉയർന്ന ആക്ഷേപങ്ങൾ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്വസമുദായത്തിലെ കുലംകുത്തികൾ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവും വെള്ളാപ്പള്ളി ഉയർത്തുന്നുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പുകഴ്ത്തിയ അദ്ദേഹം, സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണെന്ന് വിശേഷിപ്പിച്ചു. ഐക്യശ്രമങ്ങളിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ തനിക്ക് പ്രതിഷേധമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയല്ല ഐക്യത്തിനായി ശ്രമിച്ചതെന്നും, വൈകാതെ ഇരു സംഘടനകളും ഒന്നിച്ചുനിൽക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: