11/05/2026
[fontresizer_tawhidurrahmandear_widget]

വെള്ളാപ്പള്ളി വിമർശിച്ചത് ലീഗിനെ ആയിരുന്നില്ല, മുസ്ലിം സമുദായത്തെ; വിയോജിപ്പ് പറയണമായിരുന്നു -എ.എം. ആരിഫ്

 വെള്ളാപ്പള്ളി വിമർശിച്ചത് ലീഗിനെ ആയിരുന്നില്ല, മുസ്ലിം സമുദായത്തെ; വിയോജിപ്പ് പറയണമായിരുന്നു -എ.എം. ആരിഫ്

ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളോടുള്ള വിയോജിപ്പ് സി.പി.എം അപ്പപ്പോൾത്തന്നെ വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് മുൻ എം.പി.യും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് മുസ്‌ലിം ലീഗിനെയല്ല മറിച്ച് മുസ്‌ലിം സമുദായത്തെയാണെന്നും അത് പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്നും ആരിഫ് പറഞ്ഞു. ലീഗിനെയാണ് അദ്ദേഹം ലക്ഷ്യം വെച്ചതെന്ന് പാർട്ടി നേതാക്കൾ കൂടി വ്യക്തമാക്കിയതോടെ വെള്ളാപ്പള്ളിയെ പാർട്ടി സംരക്ഷിക്കുന്നു എന്ന തോന്നൽ ജനങ്ങളിലുണ്ടായി. ഇത് ന്യൂനപക്ഷ സംരക്ഷകരെന്ന പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആരിഫ് വ്യക്തമാക്കി.

കായംകുളത്തെ തോൽവിക്ക് പിന്നാലെ യു. പ്രതിഭ വെള്ളാപ്പള്ളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ജില്ലാ സെക്രട്ടറി ആർ. നാസർ തള്ളിയതിന് പിന്നാലെയാണ് ആരിഫിന്റെ ഈ പ്രതികരണം. സമുദായ വോട്ടുകൾ കുറഞ്ഞതിന്റെ കാരണം പ്രതിഭയാണ് പറയേണ്ടതെന്നായിരുന്നു നാസറിന്റെ നിലപാട്. എന്നാൽ വെള്ളാപ്പള്ളി വിഷയത്തിൽ പാർട്ടിയിൽ ഭിന്നസ്വരമുണ്ടെന്ന് ആരിഫിന്റെ വാക്കുകൾ അടിവരയിടുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ സംസ്ഥാന കമ്മിറ്റിയിൽ പുത്തലത്ത് ദിനേശൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നെങ്കിലും ആ വികാരം അതേപടി പുറത്തുവന്നില്ലെന്നും ആരിഫ് കുറ്റപ്പെടുത്തി.

ബി.ഡി.ജെ.എസിന്റെ തീരുമാനങ്ങളിൽ പങ്കുള്ള വെള്ളാപ്പള്ളിയുടെ നിലപാടുകളെ തള്ളിക്കളയാൻ പാർട്ടി മടികാണിച്ചുവെന്നാണ് ആരിഫിന്റെ വാദം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ താൻ മത്സരിച്ചപ്പോൾ വെള്ളാപ്പള്ളി സ്വീകരിച്ച നിലപാട് ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് അനുകൂലമായതായും അദ്ദേഹം നിരീക്ഷിച്ചു. കൂടാതെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഒരാളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ യു.ഡി.എഫ് ആക്രമണവും ആ വ്യക്തിയിലേക്ക് മാത്രമായി ചുരുങ്ങിയെന്നും അത് വേണ്ടവിധം പ്രതിരോധിക്കാനായില്ലെന്നും ആരിഫ് പറഞ്ഞു. കെ. സുധാകരനും വി.ഡി. സതീശനും തമ്മിലുണ്ടായ പരസ്യമായ ഭിന്നതകൾ രാഷ്ട്രീയമായി മുതലെടുക്കുന്നതിൽ മുന്നണിയും പാർട്ടിയും പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: