04/03/2026
[fontresizer_tawhidurrahmandear_widget]

ആശ കൊടുത്തു പറ്റിച്ചോ? വാർഡ് യുഡിഎഫ് പിടിച്ചു, റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചു

 ആശ കൊടുത്തു പറ്റിച്ചോ? വാർഡ് യുഡിഎഫ് പിടിച്ചു, റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ പിൻവലിച്ചു

വൈക്കം: വൈക്കം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികസന ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത 23ാം വാർഡിലെ റോഡ് പുനർനിർമ്മാണത്തിനായി അനുവദിച്ച 15 ലക്ഷം രൂപ സി.കെ ആശ എംഎൽഎ പിൻവലിച്ചതാണ് തർക്കത്തിന് കാരണമായത്. നഗരസഭയുടെ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡിനായി അനുവദിച്ച തുകയാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം കലക്ടർ റദ്ദാക്കിയത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്നു. ജൂലൈ 18ന് ഫണ്ട് അനുവദിക്കാൻ ശുപാർശ നൽകുകയും ജൂലൈ 29ന് എസ്റ്റിമേറ്റ് ഹാജരാക്കാൻ നഗരസഭയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ മാസം 12ന് പ്രവൃത്തി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കലക്ടർക്ക് കത്തു നൽകുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി സോണി സണ്ണി വിജയിച്ചതിന് പിന്നാലെയുള്ള നടപടി രാഷ്ട്രീയ വൈരാഗ്യമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. റോഡ് നിർമാണത്തിനുള്ള എസ്റ്റിമേറ്റ് നഗരസഭ കൃത്യമായി നൽകിയിരുന്നുവെന്നും കൗൺസിലർ വ്യക്തമാക്കി.

എന്നാൽ ആരോപണങ്ങൾ എംഎൽഎ നിഷേധിച്ചു. എസ്റ്റിമേറ്റ് ലഭിക്കാത്തതിനാലാണ് ഫണ്ട് പിൻവലിച്ചതെന്നാണ് സി.കെ ആശയുടെ വിശദീകരണം. ജൂലൈയിൽ അനുവദിച്ച ഫണ്ട് ഈ മാസം റിവ്യൂ ചെയ്തപ്പോൾ എസ്റ്റിമേറ്റ് ഫയൽ ലഭ്യമായിരുന്നില്ല. തുക ലാപ്‌സാകാതെ സമയബന്ധിതമായി വിനിയോഗിക്കാനാണ് നടപടി സ്വീകരിച്ചതെന്നും എംഎൽഎ അറിയിച്ചു. നാല് വർഷമായി തകർന്നു കിടക്കുന്ന റോഡിന്റെ പുനർനിർമാണം അനിശ്ചിതത്വത്തിലായതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്.

Also read: