02/03/2026
[fontresizer_tawhidurrahmandear_widget]

കറുത്ത ഗൗണിൽ സുപ്രീം കോടതി മുറിയിൽ വാദമുഖങ്ങളുമായി ‘ദീദി’; തെര. കമ്മീഷനോട് നേർക്കുനേർ ഏറ്റുമുട്ടി മമത

 കറുത്ത ഗൗണിൽ സുപ്രീം കോടതി മുറിയിൽ വാദമുഖങ്ങളുമായി ‘ദീദി’; തെര. കമ്മീഷനോട് നേർക്കുനേർ ഏറ്റുമുട്ടി മമത

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായം രചിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിലിരിക്കെ സുപ്രീം കോടതിയിൽ അഭിഭാഷക വേഷത്തിൽ കേസ് വാദിക്കാൻ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടം മമത ബാനർജി സ്വന്തമാക്കി. വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്‌ഐആർ) ഭാഗമായുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജിയിലാണ് മമത നേരിട്ട് ഹാജരായത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും നടത്തുന്ന നിയമപോരാട്ടത്തിന് രാഷ്ട്രീയമായും നിയമപരമായും മൂർച്ച കൂട്ടുക എന്നതാണ് ഈ അസാധാരണ നീക്കത്തിലൂടെ മമത ലക്ഷ്യമിടുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് മമത വാദങ്ങൾ അവതരിപ്പിച്ചത്.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലിരിക്കെ സുപ്രീം കോടതിയിൽ ഗൗണണിഞ്ഞ് എത്തുന്ന ആദ്യ വ്യക്തിയാണ് മമത. നിയമബിരുദധാരിയായ മമത, തന്റെ സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി വാദിക്കാനായി നേരിട്ട് കറുത്ത ഗൗണണിഞ്ഞ് കോടതി മുറിയിലെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകരോട് നേർക്കുനേർ ഏറ്റുമുട്ടി സുപ്രധാന വാദമുഖങ്ങളാണ് മമത അവതരിപ്പിച്ചത്.

പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ചാണ് ബംഗാൾ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹരജി നൽകിയത്. വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരെ അവ്യക്ത കാരണങ്ങൾ പറഞ്ഞു വെട്ടിയെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ ഭാഗം ശക്തമായി ഉന്നയിക്കാനായി് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.

സാധാരണ വെള്ള സാരിയിലും ഹവായ് ചെരുപ്പിലും കാണാറുള്ള മമതയെ കറുത്ത ഗൗണിൽ കണ്ടത് കോടതി വളപ്പിൽ കൗതുകമുണർത്തി. കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളജിൽനിന്നാണ് മമത നിയമബിരുദം നേടിയത്.

Also read: