04/03/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ആകാശത്ത് നിന്ന് വീണവനല്ല; എന്നെ തെരുവിലിട്ട് അലക്കരുത്’: പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

 ‘ഞാൻ ആകാശത്ത് നിന്ന് വീണവനല്ല; എന്നെ തെരുവിലിട്ട് അലക്കരുത്’: പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എൻ ഷംസീർ. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ലെന്നും സഭാനടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തിൽ ചർച്ച നടത്തുന്നതിൽ സർക്കാരിന് യാതൊരു മടിയുമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചർച്ചയ്ക്ക് ഭരണപക്ഷം തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം അതിൽ നിന്ന് വിട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണ്. സഭയുടെ അന്തസ്സ് നിലനിർത്താൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞദിവസം സഭയിൽ അരങ്ങേറിയ നാടകീയ രംഗങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. ശബരിമല വിഷയമുയർത്തി പ്രതിപക്ഷ എംഎൽഎമാരായ അൻവർ സാദത്തും മാത്യു കുഴൽനാടനും സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചിരുന്നു. പ്ലക്കാർഡുകളും ‘സ്വർണം കട്ടത് ആരപ്പ’ എന്നെഴുതിയ ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തി. ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തെത്തുടർന്ന് ഇന്നലെ സഭ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.

അതേസമയം, ഇന്നും നിയമസഭയിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ’ എന്ന ബാനറുമായാണ് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ പ്ലക്കാർഡുകളും പ്രതിപക്ഷം ഉയർത്തി. സഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Also read: