30/03/2026
[fontresizer_tawhidurrahmandear_widget]

‘ഭീഷണി വേണ്ട, ട്രംപിന്റെ കാലാവധി കഴിയും വരെ കാത്തിരിക്കാം’; ഇന്ത്യ-യുഎസ് വ്യാപാര യുദ്ധം അവസാനിച്ചത് ഇങ്ങനെ

 ‘ഭീഷണി വേണ്ട, ട്രംപിന്റെ കാലാവധി കഴിയും വരെ കാത്തിരിക്കാം’; ഇന്ത്യ-യുഎസ് വ്യാപാര യുദ്ധം അവസാനിച്ചത് ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര ബന്ധം പുതിയ തലത്തിലേക്ക്. ഭീഷണികൾക്ക് വഴങ്ങില്ലെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ വഴിതുറന്നത്. സെപ്റ്റംബറിൽ വാഷിങ്ടണിൽ നടന്ന ഉന്നതതല യോഗത്തിൽ ഡോവൽ നൽകിയ അന്ത്യശാസനം നയതന്ത്ര തലത്തിൽ വലിയ ചലനങ്ങളുണ്ടാക്കിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുതു.

റഷ്യൻ, ചൈനീസ് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയത് വാഷിങ്ടണിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത് ഡോവൽ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ കാണാൻ വാഷിങാടണിലെത്തിയത്. ഇന്ത്യ വ്യാപാര കരാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വഴങ്ങാൻ തയ്യാറല്ല, വേണമെങ്കിൽ ട്രംപ് ഭരണകൂടത്തിന്റെ കാലാവധി തീരും വരെ കാത്തിരിക്കാൻ ഇന്ത്യക്ക് മടിയില്ല’ എന്ന ഡോവലിന്റെ കർക്കശമായ നിലപാട് അമേരിക്കയെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു.

ഓഗസ്റ്റിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് 50% തീരുവ ചുമത്തിയതോടെ ബന്ധം വഷളായിരുന്നു. എന്നാൽ ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ മാറ്റങ്ങൾ ദൃശ്യമായി. പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ട്രംപ് ജന്മദിനാശംസകൾ നേരുകയും നേതൃപാടവത്തെ പ്രശംസിക്കുകയും ചെയ്തു. തുടർന്ന് മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യൻ കയറ്റുമതി തീരുവ 18 ശതമാനമായി കുറയ്ക്കാൻ തീരുമാനമായി. റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന 25% പിഴയും യുഎസ് നീക്കം ചെയ്തു.

പകരമായി അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കാനും തീരുവ കുറയ്ക്കാനും ഇന്ത്യ സമ്മതിച്ചതായാണ് വിവരം. ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ ഇരുരാജ്യങ്ങളെയും ‘യഥാർത്ഥ സുഹൃത്തുക്കൾ’ എന്നാണ് വിശേഷിപ്പിച്ചത്.

അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമ്പോഴും സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2047ഓടെ വികസിത സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യക്ക് യുഎസ് സാങ്കേതികവിദ്യയും നിക്ഷേപവും ആവശ്യമാണ്. എന്നാൽ ട്രംപിന്റെ നയങ്ങൾ
താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും ദീർഘകാല താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നുമാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ നിലപാട്. റഷ്യ, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവരുമായുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്.

Also read: