02/03/2026
[fontresizer_tawhidurrahmandear_widget]

ദീപക് കുമാറിന് 2 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ; ആ പണം പാവങ്ങൾക്ക് നല്‍കൂവെന്ന് ദീപക്

 ദീപക് കുമാറിന് 2 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാർഖണ്ഡ് സർക്കാർ; ആ പണം പാവങ്ങൾക്ക് നല്‍കൂവെന്ന് ദീപക്

ദീപക് കുമാര്‍

റാഞ്ചി/ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിക്ക് കാവലായിനിന്ന് രാജ്യത്തിന്റെ ശ്രദ്ധ നേടിയ ദീപക് കുമാർ, തനിക്ക് പ്രഖ്യാപിച്ച പാരിതോഷികം നിരസിച്ചു. അദ്ദേഹത്തിന്റെ ധീരതയെ മാനിച്ചു ജാർഖണ്ഡ് സർക്കാർ ആണ് രണ്ടു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചത്. എന്നാൽ, തനിക്ക് പണം വേണ്ടെന്നും അത് അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ജാർഖണ്ഡ് ആരോഗ്യ മന്ത്രി ഡോ. ഇർഫാൻ അൻസാരിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിൻരെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചപ്പോഴാണ് 42-കാരനായ ജിം ഉടമ ദീപക് കുമാർ നിലപാട് വ്യക്തമാക്കിയത്. ‘രണ്ട് ലക്ഷം രൂപ വലിയൊരു തുകയാണ്. എന്നാൽ, മന്ത്രി ആ തുക ഏതെങ്കിലും ഭിന്നശേഷിക്കാർക്കോ അല്ലെങ്കിൽ സഹായം ആവശ്യമുള്ള മറ്റേതെങ്കിലും നിർധനരായ ആളുകൾക്കോ നൽകുകയാണെങ്കിൽ അത് അഭിനന്ദനാർഹമായിരിക്കും’- അദ്ദേഹം വ്യക്തമാക്കി. ജാർഖണ്ഡ് മന്ത്രി പാരിതോഷികം പ്രഖ്യാപിച്ച വിവരം സോഷ്യൽ മീഡിയ വഴിയാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ കോൺഗ്രസ് മന്ത്രിമാരായ സുരേന്ദ്ര സിങ നേഗി, ഹരക് സങ് റാവത്ത് എന്നിവരുടെ പിന്തുണയെ സ്വാഗതം ചെയ്‌തെങ്കിലും തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ദീപക്കിന്റെ ജിമ്മിനും നഗരത്തിലെ മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിലും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശ് അതിർത്തിയിലുള്ള കൗഡിയയിൽ വാഹന പരിശോധനയും കർശനമാക്കി.

ജനുവരി 26-നായിരുന്നു ഉത്തരാഖണ്ഡിലെ കോട്ദ്വാറിലെ പട്ടേൽ മാർഗിൽ സംഘർഷമുണ്ടായത്. ‘ബാബ’ എന്ന് പേരുള്ള വസ്ത്രവിപണന ശാലയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റങ്ദൾ പ്രവർത്തകർ 70-കാരനായ ഉടമ വക്കീൽ അഹമ്മദിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ തള്ളലും ഉന്തും ഉണ്ടായപ്പോൾ ഇടപെട്ട ദീപക്കിനോട് അക്രമികളിലൊരാൾ പേര് ചോദിച്ചു. അപ്പോൾ ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്നാണ് അദ്ദേഹം രോഷത്തോടെ മറുപടി നൽകുകയും, അക്രമികളെ തടയുകയുമായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലായി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ദീപക്കിനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

വിഷയം ഇത്രത്തോളം വഷളാകുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് ദീപക് പറയുന്നു. ജനുവരി 31-ന് ബജ്റംഗ്ദൾ പ്രവർത്തകർ ദീപക്കിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. നിലവിൽ പ്രതിഷേധക്കാർക്കെതിരെ രണ്ട് കേസുകളും ദീപക്കിനെതിരെ ഒരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also read: