‘ദീപകിന് ഇന്ത്യയിലെങ്ങുമുള്ള സന്യാസിമാരുടെ അനുഗ്രഹമുണ്ട്’-പിന്തുണയുമായി ഹിന്ദു സന്യാസിമാർ
ഡെറാഡൂൺ: വർഗീയ സംഘർഷത്തിന്റെ നിഴലിലായ ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിൽ, മുസ്‌ലിം വ്യാപാരിക്ക് സംരക്ഷണമായി നിന്ന ദീപക് കുമാറിന് പിന്തുണയുമായി ഹിന്ദു സന്യാസിമാർ രംഗത്ത്. ആൾക്കൂട്ടത്തിന് മുന്നിൽ സ്വന്തം പേര് ‘മുഹമ്മദ് ദീപക്’ എന്ന് ധീരമായി പ്രഖ്യാപിച്ച് ശ്രദ്ധേയനായ ദീപക് കുമാർ മനുഷ്യത്വത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്ന് സന്യാസിമാർ പ്രതികരിച്ചു.
ദീപക്കിനെതിരെ സംഘ്പരിവാർ ഭീഷണിയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു സന്യാസിമാർ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു സന്യാസി പറയുന്നത് ഇങ്ങനെ: ‘ദീപക് ചെയ്തത് മനുഷ്യത്വത്തിന്റെ ജീവിക്കുന്ന മാതൃകയാണ്. ഇന്ത്യയിലുടനീളമുള്ള ഹിന്ദു പാരമ്പര്യത്തിലെ സന്യാസിമാരുടെ അനുഗ്രഹം അദ്ദേഹത്തിനുണ്ട്. ഇന്ന് രാജ്യം മുഴുവൻ ദീപക് കുമാറിനൊപ്പം നിൽക്കുന്നു.’
ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് കോട്ട്ദ്വാറിലെ തിരക്കേറിയ മാർക്കറ്റിൽ സംഭവം നടന്നത്. വക്കീൽ അഹമ്മദ് എന്ന 70 വയസ്സുകാരന്റെ ‘ബാബ സ്‌കൂൾ ഡ്രസ്’ എന്ന കടയുടെ പേരിലെ ‘ബാബ’ എന്ന വാക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബജ്റങ്ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾ രംഗത്തെത്തി. 30 വർഷമായി പ്രവർത്തിക്കുന്ന കടയാണിത്. ഭീഷണി മുറുകിയതോടെയാണ് സമീപത്തെ ജിം ഉടമയായ ദീപക് കുമാർ ഇടപെട്ടത്.
ആൾക്കൂട്ടം ഇദ്ദേഹത്തെ തടഞ്ഞുനിർത്തി പേര് ചോദിച്ചപ്പോൾ, ‘എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ധീരമായ നിലപാട് സംഘർഷം ഒഴിവാക്കാൻ സഹായിച്ചെങ്കിലും, സംഭവം വീഡിയോ രൂപത്തിൽ പ്രചരിച്ചതോടെ ഹിന്ദുത്വ സംഘടനകൾ ദീപക്കിനെതിരെ തിരിഞ്ഞു.
സംഭവത്തിന് പിന്നാലെ പോലീസ് ദീപക് കുമാറിനും സുഹൃത്ത് വിജയ് റാവത്തിനുമെതിരെ കേസെടുത്തിരുന്നു. പൊതുഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്നവർക്കെതിരെയും കേസുണ്ട്. ദീപക്കിന്റെ ജിമ്മിന് മുന്നിലും വീട്ടിലും പ്രതിഷേധങ്ങൾ നടന്നതിനെത്തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
എതിർപ്പുകൾക്കിടയിലും താൻ ചെയ്തതിൽ ഉറച്ചുനിൽക്കുകയാണ് ദീപക്. ‘ആദ്യം ഞാനൊരു മനുഷ്യനാണ്, ഇനിയും ഇത്തരം സാഹചര്യമുണ്ടായാൽ ഇതേപോലെ പ്രവർത്തിക്കും,’ എന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുയരുകയാണ്.