02/03/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് മുസ്‌ലിംകൾ; അങ്കിത ഭണ്ഡാരി കേസിൽ ബജ്റങ്ദൾ എവിടെയായിരുന്നു?- ദീപക് കുമാർ

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് മുസ്‌ലിംകൾ; അങ്കിത ഭണ്ഡാരി കേസിൽ ബജ്റങ്ദൾ എവിടെയായിരുന്നു?- ദീപക് കുമാർ

ദീപക് കുമാര്‍

ഡെറാഡൂൺ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന വിഭാഗം മുസ്‌ലിംകളാണെന്ന് ദീപക് കുമാർ. അനീതി എവിടെ കണ്ടാലും ഇനിയും ഇടപെടുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപി നേതാവിന്റെ മകൻ പ്രതിയായ അങ്കിത ഭണ്ഡാരി വധക്കേസിൽ ഹിന്ദുത്വ സംഘടനകൾ പുലർത്തിയ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

‘ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ഒരേയൊരു സമൂഹം മുസ്‌ലിംകളാണ്. അങ്കിത ഭണ്ഡാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോൾ ഈ ബജ്റങ്ദളുകാർ ആരും അവൾക്കുവേണ്ടി ശബ്ദമുയർത്തിയില്ല. അനീതി നടക്കുന്നത് ഹിന്ദുവിനായാലും മുസ്‌ലിമിനായാലും ഞാൻ അതിനെതിരെ നിൽക്കും.’-ദീപക് വ്യക്തമാക്കി.

‘അങ്കിതയെ കൊന്നത് ഹിന്ദുക്കളാണ്. അന്ന് ഈ സംഘടനകൾ എവിടെയായിരുന്നു? നമ്മുടെ മതം മറ്റുള്ളവരെ ഉപദ്രവിക്കാൻ പഠിപ്പിക്കുന്നില്ല,’ ദീപക്കിനൊപ്പം നിന്ന സുഹൃത്ത് വിജയ് റാവത്തും ചോദിക്കുന്നു. താൻ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനിൽക്കുന്നതായും, അനീതിക്ക് മതമില്ലെന്നും ദീപക് കുമാർ വ്യക്തമാക്കി.

ജനുവരി 26-നായിരുന്നു രാജ്യം മുഴുവൻ ശ്രദ്ധിച്ച സംഭവം നടന്നത്. വക്കീൽ അഹമ്മദ് എന്ന 70-കാരന്റെ ‘ബാബ സ്‌കൂൾ ഡ്രസ്’ എന്ന കടയുടെ പേരിലെ ‘ബാബ’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്റങ്ദൾ പ്രവർത്തകർ എത്തിയപ്പോഴാണ് ദീപക് ഇടപെട്ടത്. പാർക്കിൻസൺസ് രോഗബാധിതനായ വയോധികനെ സംരക്ഷിക്കാൻ എത്തിയ ദീപക്കിനോട് അക്രമികൾ പേര് ചോദിച്ചപ്പോൾ, ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് മറുപടി നൽകിയത് വൈറലായിരുന്നു.

ദീപക്കിന്റെയും സുഹൃത്ത് വിജയ് റാവത്തിന്റേയും നടപടിയെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചു രംഗത്തെത്തി. എന്നാൽ, സംഭവത്തിന് ശേഷം ദീപക്കിനും സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജിം അടച്ചുപൂട്ടിക്കാൻ സമ്മർദമുണ്ടെന്നും വധഭീഷണിയുണ്ടെന്നും ദീപക് വെളിപ്പെടുത്തി.

Also read: