കഅ്ബയിലെ കിസ്വ മുറിയിലെ കാർപറ്റാക്കി എപ്സ്റ്റീൻ; ദൃശ്യങ്ങൾ പുറത്ത്
വാഷിങ്ടണ്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ വസതിയിൽ വിശുദ്ധ കഅ്ബയുടെ വിരിപ്പായ ‘കിസ്വ’ നിലത്ത് കാർപറ്റായി വിരിച്ച നിലയിൽ കണ്ടെത്തി. പുറത്തുവന്ന ചിത്രത്തിൽ എപ്സ്റ്റീനൊപ്പം ഒരു യുഎഇ ബിസിനസുകാരനെയും കാണാം. ഇവർ ഇരിക്കുന്ന മുറിയുടെ തറയിലാണ് സ്വർണനൂലുകൾ കൊണ്ട് ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്ത കിസ്വ വിരിച്ചിരിക്കുന്നത്.
ഇസ്ലാം മതവിശ്വാസികൾ അതീവ പവിത്രമായി കാണുന്ന കഅ്ബയുടെ വിരിപ്പ് ഇത്തരത്തിൽ നിലത്തിട്ട് ചവിട്ടുന്ന രീതിയിൽ ഉപയോഗിച്ചത് വലിയ മതനിന്ദയായും അവഹേളനമായുമാണ് കണക്കാക്കപ്പെടുന്നത്. എപ്സ്റ്റീനും വ്യവസായിയും ഒരു മുറിയിൽ സംസാരിച്ചിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇവരുടെ കാൽക്കീഴിലായാണ് കറുത്ത നിറത്തിലുള്ള കിസ്വ വിരിച്ചിരിക്കുന്നത്. ഖുർആൻ വചനങ്ങൾ ഉൾപ്പെടെ തുന്നിയതായാണ് ഈ വിരിപ്പ്.
മക്കയിലെ മസ്ജിദുൽ ഹറമിലെ കഅ്ബയെ പുതപ്പിക്കുന്ന വസ്ത്രമാണ് കിസ്വ. എല്ലാ വർഷവും ഹജ്ജ് വേളയിൽ ഇത് മാറ്റാറുണ്ട്. പഴയ കിസ്വയുടെ ഭാഗങ്ങൾ വിദേശ രാഷ്ട്രത്തലവൻമാർക്കോ അതിപ്രധാന വ്യക്തികൾക്കോ ആദരസൂചകമായി സമ്മാനിക്കാറുണ്ട്.
സമ്മാനമായി ലഭിക്കുന്ന കിസ്വയുടെ ഭാഗങ്ങൾ സാധാരണയായി ഭിത്തിയിൽ ഫ്രെയിം ചെയ്ത് ആദരവോടെയാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ, എപ്സ്റ്റീന്റെ വസതിയിൽ ഇത് വെറുമൊരു അലങ്കാര വസ്തുവോ കാർപറ്റോ ആയി ഉപയോഗിച്ചത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉന്നത വ്യക്തികളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നതിനിടെയാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്.