‘പയറ്റി വിജയിച്ച തന്ത്രം കേരളത്തിലും നടപ്പാക്കണം’; ബിജെപിയുടെ നിയന്ത്രണം ഏറ്റെടുത്ത് ആർഎസ്എസ്, ലക്ഷ്യം 35 സീറ്റ്
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണവും തന്ത്രങ്ങളും ആർഎസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുന്നു. ആലുവയിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. കേരളത്തിൽ കുറഞ്ഞത് 35 സീറ്റുകളിൽ വിജയം ഉറപ്പിക്കണമെന്നും 55 മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കണമെന്നും ആർഎസ്എസ് നേതൃത്വം ബിജെപിക്ക് കർശന നിർദേശം നൽകി.
മറ്റ് സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാൻ സഹായിച്ച പ്രത്യേക തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിഎൽ സന്തോഷ്, വിനോദ് താവ്‌ഡേ, പ്രകാശ് ജാവദേക്കർ തുടങ്ങിയ ദേശീയ നേതാക്കളുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിലായിരുന്നു ചർച്ച. നിലവിൽ പാർട്ടിയിൽ സംഘടനാ സെക്രട്ടറി ഇല്ലാത്തത് പോരായ്മയാകില്ലെന്നും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആർഎസ്എസ് പ്രത്യേക സംവിധാനം ഒരുക്കുമെന്നും യോഗം വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണ്ണയത്തിലും ആർഎസ്എസിന്റെ ഇടപെടൽ സജീവമായിരികും. പ്രധാനപ്പെട്ട 15 മുതിർന്ന നേതാക്കൾ എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ സംഘം ഇതിനകം തന്നെ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. മണ്ഡലം കമ്മിറ്റികളിൽ നിന്ന് സ്ഥാനാർത്ഥി പട്ടിക ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചെങ്കിലും, ആർഎസ്എസിന്റെ അംഗീകാരത്തോടെയുള്ള പട്ടികയായിരിക്കും തിരഞ്ഞെടുപ്പ് സമിതി അന്തിമമായി പരിഗണിക്കുക. പുതിയതായി പാർട്ടിയിലേക്ക് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കണമെന്നും നേതാക്കൾക്ക് നിർദേശമുണ്ട്.