04/03/2026
[fontresizer_tawhidurrahmandear_widget]

യുഎസ് ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുവെന്ന് ഇറാൻ സുരക്ഷാ മേധാവി

 യുഎസ് ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുവെന്ന് ഇറാൻ സുരക്ഷാ മേധാവി

ദോഹ: അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി. തെഹ്‌റാന്റെ ആണവ പദ്ധതിയെച്ചൊല്ലി വാഷിങ്ടണുമായി നടത്തുന്ന ചർച്ചകളിൽ ഇസ്രയേൽ അനാവശ്യമായി ഇടപെടുകയാണെന്നും ഇത് മേഖലയെ പുതിയൊരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖത്തർ സന്ദർശനത്തിനിടെ അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്.

വാഷിങ്ടണുമായി മാത്രമാണ് ഇറാൻ ചർച്ചകൾ നടത്തുന്നത്. എന്നാൽ ഈ പ്രക്രിയയെ തുരങ്കം വെക്കാൻ ഇസ്രയേൽ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ തന്ത്രം. സെപ്റ്റംബറിൽ ഖത്തറിൽ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇതിന് തെളിവാണ്. ഇറാനെ മാത്രമല്ല ഖത്തർ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളെയും ഇസ്രയേൽ ലക്ഷ്യം വെക്കുന്നുണ്ടെന്നും പ്രാദേശിക നേതാക്കൾ ഇതിനെതിരെ ബോധവാന്മാരായിരിക്കണമെന്നും ലാരിജാനി ആഹ്വാനം ചെയ്തു.

നിലവിൽ ഒമാനിലെ മസ്‌കറ്റിൽ യുഎസുമായി പരോക്ഷ ചർച്ചകൾ നടന്നുവരികയാണ്. ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത് ചർച്ചകളിൽ സമ്മർദ്ദം ചെലുത്താനാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ചർച്ചകൾ തുടരാൻ തന്നെയാണ് ട്രംപിന്റെയും നിലപാട്.

ആണവ വിഷയത്തിൽ മാത്രമായിരിക്കും ചർച്ചകൾ പരിമിതപ്പെടുത്തുക എന്ന് ലാരിജാനി വ്യക്തമാക്കി. ഇറാന്റെ മിസൈൽ പദ്ധതികൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യമാണെന്നും അത് ചർച്ചാവിഷയമല്ലെന്നും അദ്ദേഹം ആവർത്തിച്ചു. യുറേനിയം സമ്പുഷ്ടീകരണം പൂജ്യമായി കുറയ്ക്കില്ലെന്നും എന്നാൽ അന്താരാഷ്ട്ര പരിശോധനകൾക്ക് ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also read: