02/03/2026
[fontresizer_tawhidurrahmandear_widget]

’സുന്നി ഐക്യം കാലം ആവശ്യപ്പെടുന്നു; ചര്‍ച്ചകള്‍ക്ക് തയാർ’ : കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

 ’സുന്നി ഐക്യം കാലം ആവശ്യപ്പെടുന്നു; ചര്‍ച്ചകള്‍ക്ക് തയാർ’ : കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

മലപ്പുറം: സുന്നി ഐക്യത്തിനായുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം). സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതിനായുള്ള ചർച്ചകൾക്ക് തങ്ങൾ ഇനിയും സന്നദ്ധമാണെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു.

എപി വിഭാഗം സംഘടിപ്പിക്കുന്ന സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കലിൽ നടന്ന വിളംബര സമ്മേളനത്തിലാണ് നിലപാട് പ്രഖ്യാപനം ഉണ്ടായത്. സമ്മേളനത്തിൽ പേരോട് അബ്ദുറഹിമാൻ സഖാഫി അവതരിപ്പിച്ച പ്രമേയത്തിൽ ഐക്യ ചർച്ചകളെ സ്വാഗതം ചെയ്തു. ‘രണ്ട് സമസ്തകൾക്കിടയിലെ ഐക്യ ചർച്ചകൾക്ക് നേരത്തെ തന്നെ രണ്ട് മുശാവറകളും അംഗീകാരം നൽകിയിട്ടുള്ളതാണ്. വിശ്വാസപരവും ആദർശപരവുമായ അടിത്തറയിൽ നിന്നുകൊണ്ടുള്ള ഐക്യമാണ് സമസ്ത ആഗ്രഹിക്കുന്നത്.’- പ്രമേയത്തിൽ വ്യക്തമാക്കി.

ഐക്യ ശ്രമങ്ങൾക്ക് വിഘാതമാകുന്ന തരത്തിലുള്ള വാക്കുകളോ പ്രവൃത്തികളോ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പ്രമേയത്തിൽ ആഹ്വാനം ചെയ്തു. ചർച്ചകളെ മാന്യമായും ബഹുമാനത്തോടെയും സമീപിക്കണം. സ്വന്തം അസ്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ ഒരുമിച്ച് നിൽക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്കും സമുദായത്തിന്റെ വളർച്ചയ്ക്കും ആവശ്യമാണ്.

മുൻകാലങ്ങളിൽ നടന്ന ഐക്യ ചർച്ചകൾ ചില ഇടപെടലുകൾ കാരണം തകർക്കപ്പെട്ട സാഹചര്യം ഉണ്ടായെന്നും, അത്തരം രീതികൾ ഇനി ആവർത്തിക്കരുതെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ഐക്യത്തിന്റെ കാര്യത്തിൽ ഇ.കെ. വിഭാഗവുമായി ആലോചിച്ച് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

എപി വിഭാഗം സംഘടിപ്പിക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ തീയതികളും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ‘സമസ്ത: 100 പ്രകാശവർഷങ്ങൾ’ എന്ന പ്രമേയത്തിൽ 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറത്താണ് വാർഷിക സമ്മേളനം നടക്കുക.

കോട്ടക്കൽ ബഹ്‌റുൽ ഉലൂം നഗറിൽ നടന്ന വിളംബര സമ്മേളനത്തിൽ ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരും പതിനായിരക്കണക്കിന് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Also read: