നന്ദഗോവിന്ദം ഭജൻസിന് പകരം എത്തിയ ഇഷാൻ ദേവിന് കൊടുത്തത് 4 ലക്ഷം; ഓഡിറ്റിന് കൊടുത്ത ബില്ലിൽ 8 ലക്ഷം| ആഗോള അയ്യപ്പ സംഗമം
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി സൂചിപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. നേരത്തെ പുറത്തുവന്ന കണക്കുകൾ വെറും എസ്റ്റിമേറ്റ് മാത്രമാണെന്ന ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ്, യഥാർഥ ചെലവുകൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
പരിപാടിക്കെത്തിയവർക്ക് ഭക്ഷണം നൽകിയ ഇനത്തിൽ എസ്റ്റിമേറ്റ് തുകയേക്കാൾ ലക്ഷക്കണക്കിന് രൂപ അധികം ചെലവായതായാണ് റിപ്പോർട്ട്. പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ:
പ്രഭാതഭക്ഷണം: 1,500 പേർക്ക് 1.5 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരുന്നത്. എന്നാൽ ഓഡിറ്റ് പ്രകാരം 3,000 പേർക്ക് ഭക്ഷണം നൽകിയതായും ഇതിനായി 4.5 ലക്ഷം രൂപ ചെലവായതായും കാണിക്കുന്നു. ഇവിടെ മാത്രം 3 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്.
ഉച്ചഭക്ഷണം: 4,000 പേർക്ക് 6.8 ലക്ഷം രൂപ കണക്കാക്കിയ സ്ഥാനത്ത് 5,000 പേർക്കായി 8.5 ലക്ഷം രൂപയാണ് ചെലവായത്. 1.7 ലക്ഷം രൂപയുടെ അധിക ബാധ്യതയാണിത്.
രാത്രിഭക്ഷണം: 1,000 പേർക്ക് 1.5 ലക്ഷം രൂപ നിശ്ചയിച്ച സ്ഥാനത്ത് 3,000 പേർക്കായി 4.5 ലക്ഷം രൂപ ചെലവഴിച്ചു.
ലഘുഭക്ഷണങ്ങൾക്കും ചായയ്ക്കുമായി വകയിരുത്തിയ തുകയിലും വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഗായകൻ ഇഷാൻ ദേവ് നടത്തിയ സംഗീത പരിപാടിയുടെ കണക്കുകളിലും വലിയ വ്യക്തതക്കുറവുണ്ട്. നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടു ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുകയായി കരുതിയിരുന്നത്. എന്നാൽ, നന്ദഗോവിന്ദം ഭജൻസിന് വരാൻ കഴിയാത്ത സാഹചര്യത്തിൽ ഇഷാൻ ദേവിനെ പരിപാടിക്കായി നിശ്ചയിച്ചു.
ഇഷാൻ ദേവിന് പ്രതിഫലമായി നൽകിയത് നാല് ലക്ഷം രൂപയാണ്. എന്നാൽ, ഓഡിറ്റിന് നൽകിയ ബില്ലിൽ എട്ട് ലക്ഷം രൂപ എന്നാണ് കാണിച്ചിരിക്കുന്നത്. ബാക്കി തുക നൽകാനുണ്ടെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും, റിപ്പോർട്ടിൽ ഗായകന്റെ പേര് മാറ്റിയാണ് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇഷാൻ ദേവിന് പകരം നന്ദഗോവിന്ദം ഭജൻസിന്റെ പേരാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കേവലം ഒരു പിശകാണെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
മിക്കവാറും എല്ലാ ഇനങ്ങളിലും എസ്റ്റിമേറ്റ് തുകയേക്കാൾ ഇരട്ടിയിലധികം തുക ചെലവായതായി കാണിക്കുന്നത് വൻ സാമ്പത്തിക ക്രമക്കേടിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന റിപ്പോർട്ട് വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിതെളിച്ചേക്കാം.