ഓപറേഷൻ സിന്ദൂറിനിടെ പാക് ആണവകേന്ദ്രം തകർത്തെന്ന് വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രം ഇന്ത്യ തകർത്തെന്ന് വെളിപ്പെടുത്തൽ. ലോകപ്രശസ്ത വ്യോമയാന ചരിത്രകാരൻ ടോം കൂപ്പറിന്റേതാണ് നിരീക്ഷണം. കിരാന ഹിൽസിലെ ആണവ കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണമാണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ വ്യോമസേന വാർത്ത ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും, ആക്രമണം നടന്നതിന് നിരവധി തെളിവുകളുണ്ടെന്ന് കൂപ്പർ ഉറപ്പിച്ചു പറയുന്നു.
‘പാകിസ്ഥാൻ തകർന്നുപോയ നിമിഷമായിരുന്നു അത്,’ കൂപ്പർ പറഞ്ഞു. ‘ഞങ്ങൾക്ക് ആവശ്യമുള്ളിടത്ത്, എപ്പോൾ വേണമെങ്കിലും നിങ്ങളെ ശക്തമായി ആക്രമിക്കാൻ കഴിയുമെന്ന വ്യക്തമായ സന്ദേശം നൽകാനാണ് ഇന്ത്യ ആ കേന്ദ്രം തെരഞ്ഞെടുത്തത്. നയതന്ത്ര തലത്തിൽ അന്ന് നടന്ന കാര്യങ്ങൾ പരിശോധിച്ചാൽ, ഇസ്ലാമാബാദ് എങ്ങനെയാണ് വെടിനിർത്തലിനായി വാഷിങ്ടണിനെയും ന്യൂഡൽഹിയെയും മാറി മാറി വിളിച്ചതെന്ന് വ്യക്തമാകും. അതൊരു യാചനയായിരുന്നില്ലെങ്കിലും, ഫലത്തിൽ അതായിരുന്നു സംഭവിച്ചത്.’
പാകിസ്ഥാൻ ആണവ പദ്ധതിയുടെ കേന്ദ്രബിന്ദുവായ കിരാന ഹിൽസിൽ ഭൂഗർഭ അറകളിലേക്കുള്ള കവാടങ്ങൾ ഇന്ത്യ തകർത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇതൊരു ഡിസ്‌നിലാൻഡോ വിനോദസഞ്ചാര കേന്ദ്രമോ അല്ല. പാകിസ്ഥാൻ അവിടെ മുൻപ് നിരവധി ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. തുരങ്കങ്ങളും കരുത്തുറ്റ ഷെൽട്ടറുകളുമുള്ള പ്രദേശം ആണവായുധങ്ങൾ സൂക്ഷിക്കാനുള്ളതാണ്. അവിടെ ഒരു റിയാക്ടർ ഇല്ലായിരിക്കാം, പക്ഷേ അതിനർത്ഥം അവിടെ ആണവായുധങ്ങൾ ഇല്ല എന്നല്ല,’ കൂപ്പർ വ്യക്തമാക്കി.
ഇന്ത്യയുടെ സംയോജിത വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും ഫലപ്രദമായി പ്രതിരോധിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയുടെ പ്രതിരോധം കടന്ന് ഒന്നും വന്നില്ല. മറിച്ച്, ഇന്ത്യൻ വ്യോമസേന പ്രത്യാക്രമണം നടത്തി ഒരേസമയം നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങളെ തകർത്തു. ശത്രുവിന് തിരിച്ചടിക്കാൻ കഴിയില്ലെന്ന് പൂർണ ഉറപ്പില്ലാതെ ആരും ഇത്തരം ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആയുധങ്ങളുടെ കൃത്യതയെയും ഏകോപനത്തെയും പ്രശംസിച്ച അദ്ദേഹം, കിരാന ഹിൽസിലെ ആക്രമണം പത്താം തീയതി രാവിലെ നടന്ന വൻ സൈനിക മുന്നേറ്റത്തിന്റെ ഭാഗമായിരുന്നുവെന്നും ഇത് പാകിസ്ഥാന്റെ പ്രതിരോധ ശേഷിയെ പൂർണമായും തളർത്തിയെന്നും ഉറപ്പിച്ചു പറഞ്ഞു.