27/03/2026
[fontresizer_tawhidurrahmandear_widget]

‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; ആര്‍എസ്എസിന്‍റെ പ്രധാന ടാര്‍ഗറ്റായിരുന്നു ഞാൻ’- വി.ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

 ‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; ആര്‍എസ്എസിന്‍റെ പ്രധാന ടാര്‍ഗറ്റായിരുന്നു ഞാൻ’- വി.ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

തൃശ്ശൂർ: ആർഎസ്എസുമായി ചേർന്ന് വോട്ട് കച്ചവടം നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ വോട്ടുകൾക്ക് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന ശീലം ഇടതുപക്ഷത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ താൻ ആർഎസ്എസിന്റെ പ്രധാന ടാർഗറ്റുകളിൽ ഒന്നായിരുന്നുവെന്നും ഇത്തരം ശുദ്ധ അസംബന്ധങ്ങൾ വിളിച്ചുപറയാൻ സതീശന് ഒരു മടിയുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നാണംകെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് പിന്നാലെ പോയി ശീലമുള്ളത് കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. വയനാട് ദുരന്തബാധിതർക്കായി യുഡിഎഫ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളെയും അദ്ദേഹം വിമർശിച്ചു. പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നതിലാണ് കാര്യമെന്നും എന്നാൽ യുഡിഎഫ് വാഗ്ദാനങ്ങൾ വെറും വാക്കുകളായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണം പിരിച്ച ശേഷം പദ്ധതികൾ നടപ്പിലാക്കാതിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.എൻ ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി മറുപടി നൽകി. അപരമത വിദ്വേഷം പടർത്താനുള്ള നീക്കമാണിതെന്നും കേരളം മതനിരപേക്ഷതയുടെ വിളനിലമാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ ചില മണ്ഡലങ്ങളിൽ മത്സരിക്കാൻ പാടുള്ളൂ എന്ന് കരുതുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനവും സാമൂഹിക നീതിയും ഒരുമിച്ചുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാനം അഞ്ചുലക്ഷം വീടുകൾ പൂർത്തീകരിച്ചു. പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫ് കൺവീനർ ഉൾപ്പെടെ ശ്രമിച്ചെങ്കിലും തുടർഭരണം വന്നതുകൊണ്ടാണ് പാവപ്പെട്ടവർക്ക് വീട് ലഭിച്ചത്. കേന്ദ്രവിഹിതം വെറും 2,300 കോടി രൂപ മാത്രമാണെന്നും 19,000 കോടി രൂപ സംസ്ഥാനം നേരിട്ടാണ് ഇതിനായി ചിലവഴിച്ചതെന്നും കണക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി.

Also read: