വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍
എം.വി ഗോവിന്ദന്‍, വെള്ളാപ്പള്ളി നടേശന്‍
കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയാത്ത നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചാല്‍ അതിനെ തള്ളിക്കളയുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ അത് സര്‍ക്കാരുമായി സംസാരിച്ച് പരിഹരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിക്കാന്‍ വേണ്ടി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും എം.വി ഗോവിന്ദന്‍ ഓര്‍മിപ്പിച്ചു.