വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ തയ്യാറാക്കുന്ന പണിപ്പുരയിലാണ് യുഡിഎഫ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതായിരിക്കുകയാണെന്നും, ഇതിനൊരു പരിഹാരം കാണാനുള്ള നടപടികളാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശ്രദ്ധ തിരിയേണ്ടത് ഇത്തരം വികസന കാര്യങ്ങളിലേക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന രീതിയിലുള്ള ചര്‍ച്ചകളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടതുപക്ഷം കൊണ്ടുവരുന്ന പതിവ് അജണ്ട മാത്രമാണിതെന്നും, ലീഗ് ഇങ്ങനെയൊരു ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളില്‍ വീഴരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.