‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു’; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്തില്‍ നടക്കുന്ന എസ്‌ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ളതിനെക്കാള്‍ ഇരട്ടിയോളം അപേക്ഷകളാണ് പേര് നീക്കം ചെയ്യുന്നതിനായി (ഫോം-7) ഗുജറാത്തില്‍ ലഭിച്ചിരിക്കുന്നത്. ജനുവരി 18 ആയിരുന്നു എതിര്‍പ്പുകള്‍ അറിയിക്കാനുള്ള അവസാന തീയതി. എന്നാല്‍, ജനുവരി 15-ന് ശേഷം മാത്രം 12 ലക്ഷത്തിലധികം പേരെ നീക്കം ചെയ്യാനുള്ള അപേക്ഷകള്‍ പ്രവഹിച്ചതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇത് പ്രത്യേക ജാതികളെയും സമുദായങ്ങളെയും കോണ്‍ഗ്രസ് സ്വാധീനമേഖലകളെയും ലക്ഷ്യമിട്ടുള്ളതാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ജനുവരി 22 വരെയുള്ള കണക്കുകള്‍ പ്രകാരം 33 ജില്ലകളിലായി 6,54,594 പേര്‍ പേര് ചേര്‍ക്കാന്‍ (ഫോം-6/6അ) അപേക്ഷിച്ചപ്പോള്‍, 12,52,929 അപേക്ഷകളാണ് പേര് വെട്ടിമാറ്റാന്‍ (ഫോം-7) ലഭിച്ചത്.
അഹമ്മദാബാദ്: 97,664 പേര്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചപ്പോള്‍, 2,40,549 പേരെ നീക്കം ചെയ്യാന്‍ അപേക്ഷ ലഭിച്ചു.
ഗാന്ധിനഗര്‍: വെറും 2,432 പുതിയ അപേക്ഷകള്‍ വന്നപ്പോള്‍, 16,726 പേരെ നീക്കം ചെയ്യാന്‍ അപേക്ഷയുണ്ട്.
സൂറത്ത്: 54,797 പുതിയ അപേക്ഷകള്‍ക്ക് എതിരെ 1,10,286 പേരെ നീക്കം ചെയ്യാന്‍ അപേക്ഷ ലഭിച്ചു.
ഒരേ വ്യക്തിയുടെ പേരില്‍ തന്നെ ആയിരക്കണക്കിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, ബിജെപിക്ക് സ്വാധീനമില്ലാത്തതോ തോല്‍ക്കുന്നതോ ആയ ബൂത്തുകളില്‍നിന്ന് വോട്ടര്‍മാരെ ഒഴിവാക്കാനാണ് ഈ നീക്കമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ണാടകയിലെ അലന്ദ്, മഹാരാഷ്ട്രയിലെ രാജുര എന്നിവിടങ്ങളില്‍ കണ്ടതിന് സമാനമായ മാതൃകയാണ് ഗുജറാത്തിലും രാജസ്ഥാനിലും നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൗനം വെടിയണമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ തെരുവ് മുതല്‍ പാര്‍ലമെന്റ് വരെ പോരാടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് ബിജെപി അനുകൂലികളുടെ വാദം. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.