‘കുലം കുത്തികളെ കാലം വര്‍ഗവഞ്ചകൻ എന്ന് വിളിക്കും’; ജി സുധാകരന്‍റെ വീടിന് സമീപം ബാനര്‍, സുരക്ഷയ്ക്ക് പോലീസ്
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, മുൻ മന്ത്രി ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. സുധാകരന്റെ വീടിന് സമീപം ‘വർഗവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബാനറുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല.
“കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും” എന്നാണ് വീടിന് സമീപം സ്ഥാപിച്ച ബാനറിലെ വാചകം. ‘ഭഗവതിക്കൽ സഖാക്കൾ’ എന്ന പേരിലാണ് ബാനർ ഉയർന്നിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ പാർട്ടി പ്രവർത്തകർ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായിത്തന്നെ നേരിടാനാണ് സിപിഎം തീരുമാനം. നിർണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നേതാവിനോട് ഇനി മൃദുസമീപനം വേണ്ടെന്ന് നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. അമ്പലപ്പുഴയിൽ സുധാകരനൊപ്പം പാർട്ടി അംഗങ്ങൾ ആരും പോകില്ലെന്ന് ഉറപ്പാക്കാൻ ലോക്കൽ, ഏരിയ കമ്മിറ്റികൾ ജാഗ്രത പുലർത്തുന്നുണ്ട്.
നാളെ വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനം സംഘടിപ്പിക്കും. വി.എസ് അച്യുതാനന്ദന്റെ വീടിന് സമീപത്തുനിന്ന് ആരംഭിച്ച് സുധാകരന്റെ വീടിന് സമീപം വരെയാണ് പ്രകടനം നടത്തുക. കഴിഞ്ഞ ദിവസം സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ രാഘവന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനെ വർഗവഞ്ചകനായി ചിത്രീകരിച്ച് ഏരിയ നേതാക്കൾ തന്നെ നേരിട്ടിറങ്ങി പോസ്റ്ററുകൾ പതിപ്പിച്ചത്.