‘സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി; തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്’- സാദിഖലി തങ്ങൾ
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ നിർദ്ദേശപ്രകാരമാണെന്ന സിപിഎം നേതാക്കളുടെ ആരോപണങ്ങളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തള്ളി. ഇത്തരം പ്രസ്താവനകൾ സിപിഎം നേതാക്കളുടെ ആത്മസംതൃപ്തിക്ക് വേണ്ടിയുള്ളതാണെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ലീഗിന് വ്യക്തമായ ആർജ്ജവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തങ്ങൾ മറുപടി നൽകി. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെ വേങ്ങരയിൽ വന്ന ഒഴിവിൽ ഷാജിയെ നിശ്ചയിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ പ്രക്രിയയാണിതെന്നും ഇതിൽ ബാഹ്യശക്തികളുടെ ഇടപെടലില്ലെന്നും തങ്ങൾ കൂട്ടിചേർത്തു.
സംസ്ഥാനത്ത് എസ്ഡിപിഐ – സിപിഎം രഹസ്യധാരണയുണ്ടെന്ന കോൺഗ്രസ് ആരോപണത്തെയും തങ്ങൾ പിന്തുണച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം കോൺഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.