30/03/2026
[fontresizer_tawhidurrahmandear_widget]

മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ്

 മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ; അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ്

കിം ജോങ് ഉന്‍, മുജ്തബ ഖാംനഇ

പ്യോങ്‌യാങ്/തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്ത ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്സിന്റെ തീരുമാനത്തോടുള്ള പിന്തുണ അറിയിച്ചത്. പൗരന്മാരുടെ അവകാശങ്ങളെയും അവരുടെ തെരഞ്ഞെടുപ്പിനെയും രാജ്യം ബഹുമാനിക്കുന്നുവെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾ നിയമവിരുദ്ധമാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സമാധാനം തകർക്കും. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ലോകരാഷ്ട്രങ്ങൾ തള്ളിക്കളയണമെന്നും വക്താവ് ആവശ്യപ്പെട്ടു.

ഇറാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ നേവൽ ഡിസ്‌ട്രോയറിൽനിന്ന് ക്രൂയിസ് മിസൈലുകൾ പരീക്ഷിക്കുന്നതിന് മേൽനോട്ടം വഹിച്ചു. തങ്ങളുടെ ആണവ പ്രതിരോധശേഷി വർധിപ്പിക്കുന്നത് തന്ത്രപരമായ മുൻഗണനയാണെന്ന് കിം ആവർത്തിച്ചു.

മുജ്തബ ഖാംനഇയെ റഷ്യ, ചൈന, ഒമാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ നേരത്തെ പിന്തുണച്ചിരുന്നു. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനത്തെ വിമർശിക്കുകയും പുതിയ നേതാവിനെ അംഗീകരിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Also read: