‘വെൽഫയർ പാർട്ടിയുടെ പേരിൽ എത്ര ബഹളമുണ്ടാക്കി; എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?’ വെല്ലുവിളിച്ച് വി.ഡി സതീശന്
കൊച്ചി: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെൽഫെയർ പാർട്ടിയുടെ പിന്തുണയുടെ പേരിൽ യുഡിഎഫിനെതിരെ വലിയ തോതിൽ ആരോപണമുന്നയിച്ച മുഖ്യമന്ത്രി, ഇപ്പോൾ എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതനാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാല് പതിറ്റാണ്ടോളം എൽഡിഎഫിനൊപ്പമായിരുന്ന വെൽഫെയർ പാർട്ടിയുടെ മാതൃസംഘടനയെ, അവർ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മാത്രം വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ മുന്നണിയാണ് യുഡിഎഫ്. എന്നാൽ പുറമേ മതേതരത്വം പറയുകയും രഹസ്യമായി ആർഎസ്എസുമായും എസ്ഡിപിഐയുമായും ഡീലുകൾ ഉണ്ടാക്കുകയുമാണ് സിപിഎമ്മിന്റെ രീതിയെന്ന് സതീശൻ ആരോപിച്ചു. കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം വിമർശിച്ചു.
വികസനം, ശബരിമല, സ്വർണക്കടത്ത്, വർഗീയത തുടങ്ങിയ ഏത് വിഷയത്തിലും മുഖ്യമന്ത്രിയുമായി അദ്ദേഹം പറയുന്ന സ്ഥലത്തുവെച്ച് സംവാദത്തിന് തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. സഭയിൽ ശബരിമല വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തത് സർക്കാരും സ്പീക്കറും ചേർന്നാണെന്നും ഇതിനെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തിയതായും അദ്ദേഹം ഓർമിപ്പിച്ചു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിക്കുന്നത് പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 4,43,000 വീടുകൾ നിർമിച്ചതിന്റെ രേഖകൾ പുറത്തുവിട്ടിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല. ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന ശൈലിയാണ് മുഖ്യമന്ത്രിയുടേതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.