ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; യുഎസ് ഉപരോധം ഭേദിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടന്നു
തെഹ്‌റാൻ: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വൻ വിജയമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് കടന്നതായി റിപ്പോർട്ട്. ഇറാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട കപ്പലുകളാണു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടരുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്.
രാജ്യാന്തര കാർഗോ ട്രാക്കിങ് ഏജൻസിയായ ‘വോർട്ടെക്‌സ’ നൽകിയ തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് കടന്ന കപ്പലുകളിൽ ആറെണ്ണം വൻതോതിൽ ഇറാനിയൻ അസംസ്‌കൃത എണ്ണയുമായാണ് ഇറാനിൽനിന്നു പുറപ്പെട്ടത്. ഏപ്രിൽ 13-ന് ട്രംപ് പ്രഖ്യാപിച്ച ഉപരോധം ലംഘിച്ച് 10.7 ദശലക്ഷം ബാരൽ എണ്ണയാണ് ഇറാൻ വിപണിയിലെത്തിച്ചത്. ഇതിലൂടെ ഏകദേശം 910 ദശലക്ഷം ഡോളർ(ഏകദേശം 7,600 കോടി രൂപ) വരുമാനം ഇറാന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ഉപരോധം കാരണം 28 കപ്പലുകളെ തിരിച്ചയക്കാൻ സാധിച്ചുവെന്നും ഇറാനെ സാമ്പത്തികമായി തളർത്താൻ കഴിഞ്ഞുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇറാന്റെ സാമ്പത്തിക സ്രോതസുകൾ ഇപ്പോഴും സജീവമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ റഡാറുകളെ കബളിപ്പിക്കാൻ അത്യാധുനിക മാർഗങ്ങളാണ് ഇറാൻ ഉപയോഗിക്കുന്നത്.
ഇറാന്റെ ‘ദൊറീന’ എന്ന സൂപ്പർ ടാങ്കർ തന്റെ ലൊക്കേഷൻ വ്യക്തമാക്കുന്ന ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്താണ് ഉപരോധം മറികടന്നത്. ഇന്ത്യൻ തീരത്തിന് സമീപം വെച്ച് കാണാതായ ഈ കപ്പൽ, മലേഷ്യൻ തീരത്ത് വെച്ച് മറ്റൊരു കപ്പലിലേക്ക് രഹസ്യമായി എണ്ണ മാറ്റിയതായും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. എണ്ണയുടെ ഉറവിടം മറയ്ക്കാനാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത്.
അമേരിക്കൻ ഉപരോധത്തിന് മറുപടിയായി ഹോർമുസ് കടലിടുക്കിൽ ഇറാനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച ഫ്രഞ്ച്, ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തതോടെ ഗതാഗതം ഏതാണ്ട് പൂർണമായും തടസ്സപ്പെട്ടു. അമേരിക്കയുടെ ഉപരോധവും ഇറാന്റെ പ്രത്യാക്രമണവും കാരണം മേഖലയിൽ ഇരട്ട ഉപരോധം നിലനിൽക്കുന്ന അവസ്ഥയാണെന്ന് കപ്പലുടമകൾ പറയുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ സൈനിക നടപടികൾക്കൊപ്പം തന്നെ സാമ്പത്തിക യുദ്ധവും മുറുകുകയാണ്. അമേരിക്കൻ നാവികസേനയുടെ സാന്നിധ്യമുണ്ടായിട്ടും എണ്ണക്കപ്പലുകൾ പുറത്തെത്തുന്നത് അമേരിക്കയ്ക്കു വലിയ നയതന്ത്ര തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.