17/04/2026
[fontresizer_tawhidurrahmandear_widget]

സമാധാന ചർച്ചയ്‌ക്കെത്തിയ ഇറാൻ സംഘത്തെ വധിക്കാൻ നീക്കം; വിമാനം റൂട്ട് മാറ്റി, ട്രെയിനിലും ബസിലുമായി നേതാക്കളുടെ മടക്കം

 സമാധാന ചർച്ചയ്‌ക്കെത്തിയ ഇറാൻ സംഘത്തെ വധിക്കാൻ നീക്കം; വിമാനം റൂട്ട് മാറ്റി, ട്രെയിനിലും ബസിലുമായി നേതാക്കളുടെ മടക്കം

ഇസ്ലാമാബാദ്/തെഹ്‌റാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് പിന്നാലെ നാടകീയ സംഭവവികാസങ്ങൾ. ഇസ്ലാമാബാദിലെ ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞതിന് തൊട്ടുപിന്നാലെ, തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘത്തെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്ന ഗുരുതര ആരോപണവുമായി ഇറാൻ രംഗത്തെത്തി. സുരക്ഷാ ഭീഷണിയെത്തുടർന്ന് വിമാനം ഉപേക്ഷിച്ച് ട്രെയിനിലും ബസിലുമായാണ് ഇറാൻ സംഘം തിരികെ നാട്ടിലെത്തിയത്.

അമേരിക്കയുമായുള്ള ചരിത്രപ്രധാനമായ സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ പ്രതിനിധി സംഘത്തിന്റെ മടക്കയാത്ര അതീവ നാടകീയമായായിരുന്നു. ചർച്ചകൾ കരാറില്ലാതെ പിരിഞ്ഞതിന് പിന്നാലെ, ഇറാൻ സംഘം സഞ്ചരിക്കുന്ന വിമാനം തകർക്കാൻ ഗൂഢാലോചന നടന്നുവെന്ന രഹസ്യാന്വേഷണ വിവരമാണ് ഈ അസാധാരണ നീക്കത്തിന് കാരണമായത്. ഇസ്ലാമാബാദിൽനിന്ന് മടങ്ങിയ വിമാനം ഭീഷണിയെത്തുടർന്ന് ആകാശമധ്യേ വെച്ച് വഴിതിരിച്ചുവിടുകയായിരുന്നു.

ഇറാൻ സംഘത്തിലുണ്ടായിരുന്ന പ്രമുഖ ഇറാനിയൻ രാഷ്ട്രീയ നിരീക്ഷകൻ മുഹമ്മദ് മറന്തിയാണു ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. വിമാനത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന് നേരിട്ടുള്ള ഭീഷണിയുണ്ടായതിനെത്തുടർന്ന് വിമാനം ഇറാനിലെ മഷ്ഹദ് നഗരത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. അവിടെ വിമാനമിറങ്ങിയ സംഘം ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനായി ഔദ്യോഗിക യാത്രാസംവിധാനങ്ങൾ പൂർണമായും ഉപേക്ഷിച്ചു. തുടർന്ന് സാധാരണക്കാരെപ്പോലെ ബസിലും ട്രെയിനിലുമായി പല ഘട്ടങ്ങളായാണ് സംഘം തെഹ്റാനിൽ എത്തിയത്.

ഇറാൻ പ്രതിനിധികൾ സഞ്ചരിച്ച വിമാനത്തിന് നേരെ വെടിവെപ്പിനോ മിസൈൽ ആക്രമണത്തിനോ നീക്കം നടന്നതായാണു വിവരം. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനു പിന്നാലെയാണ് വിമാനയാത്രയുടെ റൂട്ട് തന്നെ മാറ്റിയത്. ഇതിനു പുറമെ ആക്രമണ സാധ്യത മുൻകൂട്ടി കണ്ട് മൂന്ന് വിമാനങ്ങൾ ഒരേസമയം പറത്തിയതായും റിപ്പോർട്ടുകളുണ്ട്.

21 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്ക് ഒടുവിലും അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിനിധി സംഘത്തിന് നേരെ വധശ്രമമുണ്ടായെന്ന ആരോപണം ഉയരുന്നത്. തങ്ങളെ ചർച്ചാ മേശയിലേക്ക് വിളിച്ചുവരുത്തി ചതിക്കുകയായിരുന്നുവെന്നാണ് ഇറാൻ ആരോപിക്കുന്നത്. ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഉപരോധം കടുപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതും സാഹചര്യം വഷളാക്കി.

സമാധാന ചർച്ചകൾക്ക് എത്തിയവർക്ക് നേരെ വധശ്രമമുണ്ടായെന്ന വെളിപ്പെടുത്തൽ അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകാനിടയുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പൂർണമായും തകരാൻ സംഭവം കാരണമായേക്കാം. ഹോർമുസ് കടലിടുക്കിലെ ഉപരോധവും വിദേശ പ്രതിനിധികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം സുരക്ഷാ ഭീഷണികളും പശ്ചിമേഷ്യയെ വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.

Also read: