22/04/2026
[fontresizer_tawhidurrahmandear_widget]

പാട്രിയറ്റ്, താഡ് മിസൈലുകൾ പകുതിയോളം തീർന്നു, നിർമ്മാണം മന്ദഗതിയിൽ; ഇനിയൊരു യുദ്ധം യുഎസ് താങ്ങുമോ?

 പാട്രിയറ്റ്, താഡ് മിസൈലുകൾ പകുതിയോളം തീർന്നു, നിർമ്മാണം മന്ദഗതിയിൽ; ഇനിയൊരു യുദ്ധം യുഎസ് താങ്ങുമോ?

വാഷിങ്ടൺ: ഇറാനെതിരെ ഇസ്രയേലുമായി സഹകരിച്ച് യുദ്ധം ആരംഭിച്ച അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി വൻ തോതിൽ മിസൈലുകൾ പ്രയോഗിക്കേണ്ടി വന്നത് യുഎസ് പ്രതിരോധ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. പാട്രിയറ്റ്, താഡ് തുടങ്ങിയ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ പകുതിയോളം ഇതിനോടകം തന്നെ ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. നിലവിൽ മറ്റൊരു യുദ്ധം കൂടി പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അത് നേരിടാൻ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകുമോ എന്ന ചോദ്യവും പ്രതിരോധ വിദഗ്ദർ ഉയർത്തുന്നുണ്ട്.

ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കാൻ അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും വലിയ തോതിൽ മിസൈലുകൾ ഉപയോഗിച്ചിരുന്നു.യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചത് മുതൽ തന്നെ അമേരിക്ക വലിയ അളവിൽ ആയുധങ്ങൾ യുക്രൈന് നൽകിവരുന്നുണ്ട്. ഇതിന് പിന്നാലെ മിഡിലീസ്റ്റിലും സമാനമായ രീതിയിൽ ആയുധങ്ങൾ ചിലവഴിക്കേണ്ടി വന്നത് വൻതോതിലുള്ള ആയുധ ദൗർലഭ്യത്തിന് കാരണമായിട്ടുണ്ട്.

മിസൈലുകളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ പെന്റഗൺ അമേരിക്കൻ കമ്പനികളുമായി കരാറിലെത്തിയിട്ടുണ്ടെങ്കിലും ആവശ്യാനുസരണം നിർമ്മാണം വേഗത്തിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരത്തിൽ മിസൈൽ ശേഖരം കുറയുന്നത് പസഫിക് മേഖലയിൽ ചൈനയിൽ നിന്നുള്ള ഭീഷണികളെ നേരിടുന്നതിനും അമേരിക്കയ്ക്ക് തടസ്സമായേക്കാം. മിസൈലുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും സാങ്കേതികമായ സങ്കീർണ്ണതകളും ഉൽപ്പാദനം മന്ദഗതിയിലാക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രതിരോധ വെല്ലുവിളികൾ ഉണ്ടാകാനിരിക്കെ, നിലവിലെ ഈ സാഹചര്യം അമേരിക്കയുടെ സൈനിക കരുത്തിനെ ബാധിച്ചേക്കുമെന്നും അതുകൊണ്ട് തന്നെ ശേഖരം വേഗത്തിൽ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

ഇറാനുമായി സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിസൈൽ ശേഖരത്തെ കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രൈൻ, ഇസ്രയേൽ സഖ്യകക്ഷികളെ സഹായിക്കുന്നത് മിസൈലുകളുടെ ലഭ്യതയെ ബാധിക്കുമെന്നും സൈനിക നീക്കങ്ങൾ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ ഉൾപ്പെടെയുള്ള മുതിർന്ന സൈനിക മേധാവികൾ മുന്നറിയിപ്പ് നൽകിയിരുന്നു. വെടിനിർത്തൽ കരാർ നീട്ടിയിട്ടുണ്ടെങ്കിലും ഇപ്പോഴും വൻ തോതിൽ മിസൈൽ ഡ്രോൺ ശേഖരം കൈയിലുള്ള ഇറാനുമായി യുദ്ധം പുനരാരംഭിക്കുന്നതും യുഎസിന് ക്ഷീണമുണ്ടാക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.-

Also read: