‘ഇറാന് ഞാൻ സമയം നൽകുന്നു, സമാധാനം വേണമെങ്കിൽ അവർ ചർച്ചയ്ക്ക് വരട്ടെ’- വെടിനിർത്തൽ നീട്ടി ട്രംപിന്റെ പ്രഖ്യാപനം; ഹോർമുസിൽ ഉപരോധം തുടരും
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം നടത്തിയത്.
ഇറാൻ സർക്കാർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് തങ്ങൾ മനസിലാക്കുന്നുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നിർത്തിവെച്ച നടപടി ദീർഘിപ്പിക്കുന്നതെന്നും ട്രംപ് അറിയിച്ചു. ഇറാൻ നേതാക്കൾ സമാധാന നിർദേശങ്ങളുമായി വരുന്നത് വരെ വെടിനിർത്തൽ തുടരുമെങ്കിലും, ഹോർമുസിലെ ഉപരോധം കർശനമായി പാലിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, രണ്ടാംഘട്ട ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാക്കിസ്ഥാനിലേക്ക് തിരിക്കാൻ ഒരുങ്ങിയെങ്കിലും ഇറാൻ പിന്മാറിയതോടെ യാത്ര ഉപേക്ഷിച്ചു. ഭീഷണിയുടെ നടുവിൽ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ സ്പീക്കർ ഖാലിബാഫ്, സമാധാന ചർച്ചകളെ കീഴടങ്ങൽ നാടകമാക്കി മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഹോർമുസിലെ ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ നിലപാട്. ആദ്യഘട്ട ചർച്ചകളിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്‌ചിയും സ്പീക്കറുമായിരുന്നു പങ്കെടുത്തിരുന്നത്.