കടലിൽ കുടുങ്ങിയത് 40 ദിവസം; ഇറാനിലെ ചരക്കുകപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടിൽ തിരിച്ചെത്തി
ആലപ്പുഴ: ഇറാനിലെ ചരക്കുകപ്പലിൽ യുദ്ധസാഹചര്യത്തിൽ കുടുങ്ങിപ്പോയ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് ഒടുവിൽ സുരക്ഷിതമായി വീടണഞ്ഞു. ആകാശത്ത് മിസൈലുകൾ പറക്കുന്ന ഭീതിദമായ സാഹചര്യത്തിൽ 40 ദിവസത്തോളം ഒരുനേരം മാത്രം ആഹാരം കഴിച്ച് മരണത്തെ മുഖാമുഖം കണ്ട നാളുകൾക്കൊടുവിലാണ് ജെറിൻ പള്ളിപ്പാട് പറയങ്കേരി കണ്ടത്തിൽ പുത്തൻ വീട്ടിലെത്തിയത്.
ഇറാനിയൻ കപ്പലിലെ എൻജിൻ ടെക്നീഷ്യനായിരുന്ന ജെറിൻ, ദുബൈ തുറമുഖത്ത് എത്തിയപ്പോഴാണ് യുദ്ധം ആരംഭിക്കുന്നത്. ഇറാൻ്റെ ഡ്രോൺ ആക്രമണം ശക്തമായതോടെ ചരക്കിറക്കാൻ കഴിയാതെ കപ്പൽ തിരികെ ഇറാനിലേക്ക് പോകുകയായിരുന്നു. ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും കഴിയാത്ത അവസ്ഥയിലായി.
കെ.സി വേണുഗോപാൽ എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവരുടെ കൃത്യമായ ഇടപെടലുകളാണ് ജെറിൻ്റെ മോചനം സാധ്യമാക്കിയത്. അർമീനിയ വഴിയുള്ള വീസ നടപടികൾ പൂർത്തിയാക്കി എംപിയുടെ തന്നെ ചെലവിലാണ് ജെറിനെ നാട്ടിലെത്തിച്ചത്. അർമീനിയയിൽ ഭക്ഷണത്തിന് പോലും പണമില്ലാതെ കുടുങ്ങിയപ്പോൾ എംപി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ലഭ്യമാക്കി.
കൊച്ചി വിമാനത്താവളത്തിലെത്തിയ ജെറിനെ പിതാവ് ജോർജ് ജേക്കബും മാതാവ് ലില്ലിയും ചേർന്ന് സ്വീകരിച്ചു. വീട്ടിലെത്തിയ ഉടൻ സഹോദരി റീനയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട ജെറിൻ, തൻ്റെ മോചനത്തിനായി പ്രാർഥിച്ചവരോടും പ്രവർത്തിച്ചവരോടും നന്ദി രേഖപ്പെടുത്തി. മലയാളികൾ ഒത്തൊരുമിച്ചാണ് കപ്പലുകളിൽ ഭീതിയോടെ കഴിഞ്ഞിരുന്നതെന്നും ആ ദിവസങ്ങൾ മറക്കാനാവില്ലെന്നും ജെറിൻ പറഞ്ഞു.