02/06/2026
[fontresizer_tawhidurrahmandear_widget]

ചൈനയുടെ ആണവായുധ സംഭരണ കേന്ദ്രത്തിന് ചുറ്റുമായി 80-ലേറെ പുതിയ മിസൈൽ ലോഞ്ചറുകൾ

 ചൈനയുടെ ആണവായുധ സംഭരണ കേന്ദ്രത്തിന് ചുറ്റുമായി 80-ലേറെ പുതിയ മിസൈൽ ലോഞ്ചറുകൾ

ബെയ്ജിങ്: ചൈനയുടെ പടിഞ്ഞാറൻ മരുഭൂമി പ്രദേശത്തെ രഹസ്യ ആണവ സന്നാഹങ്ങളുടെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. നിലവിലുള്ള ആണവ മിസൈൽ സംഭരണ കേന്ദ്രങ്ങൾക്ക് ചുറ്റുമായി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും കമ്മ്യൂണിക്കേഷൻ ശൃംഖലകളും ബങ്കറുകളും ഉൾപ്പെടുന്ന വൻ സമുച്ചയമാണ് ചൈന ഇവിടെ ഒരുക്കുന്നത്. ഷിൻജിയാങ് മേഖലയിലെ മരുഭൂമിയിൽ ദീർഘദൂര ആണവ മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ അറകൾക്ക് കാവലായി എൺപതിലധികം പുതിയ മിസൈൽ ലോഞ്ച് പാഡുകളാണ് ചൈന നിർമിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര പ്രതിരോധ ഗവേഷകരായ റോയിട്ടേഴ്‌സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം എട്ട് കോണുകളുള്ള കൂറ്റൻ സൈനിക താവളങ്ങളെ കേന്ദ്രീകരിച്ചാണ് ഈ നിർമാണങ്ങളെല്ലാം പുരോഗമിക്കുന്നത്. കനത്ത സുരക്ഷയുള്ള ആയുധപ്പുരകൾ, സൈനികർക്കുള്ള താമസസൗകര്യങ്ങൾ, പ്രത്യേക വ്യോമതാവളങ്ങൾ, റെയിൽവേ ശൃംഖലകൾ എന്നിവയെല്ലാം ഈ പുതിയ പ്രതിരോധ വലയത്തിന്റെ ഭാഗമാണ്.

സാധാരണയായി വൻശക്തി രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾ സുരക്ഷിതമാക്കാൻ അവ പലയിടങ്ങളിലായി പരമാവധി അകലത്തിൽ ഒളിപ്പിച്ചു വെക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചൈന ഇവിടെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു വലിയ മരുഭൂമി പ്രദേശം പൂർണ്ണമായും ഒരു സൈനിക പ്രതിരോധ കോട്ടയാക്കി മാറ്റുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ലോകത്ത് മറ്റൊരു ആണവ ശക്തിയും ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഈ അസാധാരണമായ നിർമാണ ശൈലി കണ്ട് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധർ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ അതിവേഗ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്കായുള്ള കനാലുകളും അത്യാധുനിക ഉപഗ്രഹ ആശയവിനിമയ ടവറുകളും ചൈന സ്ഥാപിക്കുന്നുണ്ട്. ഇതിനുപുറമെ ശത്രുരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളുടെ മാതൃകകൾ നിർമിച്ച് ഇവിടെ സൈനികർക്ക് കടുത്ത പരിശീലനവും നൽകുന്നുണ്ട്.

അമേരിക്കയുമായുള്ള തർക്കങ്ങളും തായ്‌വാൻ പ്രതിസന്ധിയും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ, തങ്ങളുടെ ആണവായുധ ശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഈ നീക്കം നടത്തുന്നത്. ഏതെങ്കിലും രാജ്യം ചൈനയ്ക്ക് നേരെ ആദ്യം ആണവാക്രമണം നടത്തിയാൽ പോലും, തങ്ങളുടെ ആയുധങ്ങൾ തകരാതെ കാത്തുസൂക്ഷിക്കാനും അതിലൂടെ ശക്തമായ തിരിച്ചടി നൽകാനും ചൈനയെ ഈ സംവിധാനം സഹായിക്കും.

ആണവായുധങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം തന്നെ തങ്ങളുടെ പക്കലുള്ള ആയുധങ്ങളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നതിനാണ് ചൈന ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഈ ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നു. ആഗോള പ്രതിരോധ സമവാക്യങ്ങളെ അട്ടിമറിക്കാൻ പോന്ന ചൈനയുടെ ഈ അസാധാരണ മരുഭൂമി നിർമാണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.

Also read: