പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്
തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ ഈ നിർണായക നടപടി. സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ വസതി ഉൾപ്പെടെ സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തുള്ള വാടകവീട്ടിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. റെയ്ഡ് സമയത്ത് പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർ ഇവിടെയുണ്ടെന്നാണ് സൂചന. അതേസമയം, അദ്ദേഹത്തിന്റെ കണ്ണൂരിലെ വീട് പൂട്ടിയിട്ട നിലയിലായതിനാൽ ഇഡി ഉദ്യോഗസ്ഥർ പുറത്ത് തുടരുകയാണ്. കോഴിക്കോട് കോട്ടൂളിയിലുള്ള മുഹമ്മദ് റിയാസിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.
ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക്കിന്, സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്ന കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. കേസിലെ ഇഡി അന്വേഷണവും സമൻസും സ്റ്റേ ചെയ്യണമെന്ന ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ വ്യാപക റെയ്ഡ്.