‘ഒറ്റുകാരെ’ വിടില്ലെന്ന് ഇറാൻ; രണ്ട് മൊസാദ് ചാരന്മാരെ കൂടി തൂക്കിലേറ്റി
തെഹ്‌റാൻ: രാജ്യത്തെ ചാരന്മാർക്കെതിരെ നടപടി കടുപ്പിച്ച് ഇറാൻ. ഇസ്രയേൽ ചാരസംഘമായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തുകയും തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുകയും ചെയ്ത രണ്ട് പൗരന്മാരെ കൂടി ഇറാൻ തൂക്കിലേറ്റി. യഗൂബ് കരീംപൂർ, നാസർ ബക്കർസാദെ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവനിലയമായ നതാൻസിലെ അതീവ രഹസ്യവിവരങ്ങൾ മൊസാദിന് കൈമാറിയതാണ് നാസർ ബക്കർസാദെയ്ക്കെതിരെയുള്ള കുറ്റം. കൂടാതെ രാജ്യത്തെ പ്രധാന മതനേതാക്കളുടെയും പ്രവിശ്യാ ഭരണാധികാരികളുടെയും വിവരങ്ങൾ ഇയാൾ ചോർത്തി നൽകി.
യഗൂബ് കരീംപൂരിനെതിരെ ‘മൊഹാറെബെ'(ദൈവത്തിനെതിരെയുള്ള യുദ്ധം) എന്ന കുറ്റമാണ് ചുമത്തിയത്. 2025 ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധസമയത്ത് സൈനിക-സുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി മൊസാദ് ഉദ്യോഗസ്ഥർക്ക് അയച്ചുനൽകിയതായി ഇയാൾക്കെതിരെ കണ്ടെത്തി. ഇവർ എപ്പോഴാണ് അറസ്റ്റിലായതെന്ന കാര്യം ജുഡീഷ്യറി വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനിൽ തുടരുന്ന വധശിക്ഷാ പരമ്പരയിലെ ഏറ്റവും പുതിയ നടപടിയാണിത്. സയണിസ്റ്റ് ഭരണകൂടത്തിന് വേണ്ടി രഹസ്യാന്വേഷണ സഹകരണം നൽകിയതും ചാരപ്പണി നടത്തിയതുമാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. നേരത്തെ, ഇറാന്റെ ആണവ രഹസ്യങ്ങൾ ചോർത്തിയ മുൻ ആണവോർജ ഉദ്യോഗസ്ഥനെയും ഏതാനും ദിവസങ്ങൾക്കു മുൻപ് തൂക്കിലേറ്റിയിരുന്നു. രാജ്യത്തെ ഒറ്റുകൊടുക്കുന്ന ചാരന്മാരെ ഓരോരുത്തരെയും തിരഞ്ഞെടുപിടിച്ച് കടുത്ത ശിക്ഷ നൽകുമെന്ന് ഇറാൻ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആഭ്യന്തര കലാപവും വിദേശ ഇടപെടലും
ജനുവരിയിൽ ഇറാനിലുടനീളം നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഇടപെടലുണ്ടെന്നാണ് ഇറാൻ ആരോപിക്കുന്നത്. പ്രതിഷേധങ്ങളുടെ മറവിൽ അക്രമങ്ങൾ നടത്തിയവർക്കെതിരെയും ഇറാൻ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച, ഇസ്ഫഹാൻ പ്രവിശ്യയിൽ പ്രതിഷേധങ്ങൾക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സാസൻ ആസാദ്വാർ എന്നയാളെയും ഇറാൻ തൂക്കിലേറ്റിയിരുന്നു. വിദേശ പിന്തുണയുള്ള വിഘടനവാദി ഗ്രൂപ്പുകൾക്ക് വേണ്ടിയാണ് ഇയാൾ പ്രവർത്തിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഡിസംബർ അവസാനത്തോടെ ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്ന് ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് ഭരണകൂടവിരുദ്ധ കലാപമായി മാറുകയായിരുന്നു. ജനുവരി എട്ട്, ഒൻപത് തീയതികളിൽ കലാപം അതിന്റെ ഉച്ചസ്ഥായിയിലെത്തി. സമാധാനപരമായി തുടങ്ങിയ സമരത്തെ ഇസ്രയേലും വിദേശ ശക്തികളും ചേർന്ന് അട്ടിമറി നീക്കമാക്കി മാറ്റിയെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.
ഫെബ്രുവരി 28-ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധം രൂക്ഷമായിരുന്നു. ഏപ്രിൽ എട്ടു മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ നിലനിൽക്കെയാണ്, ആഭ്യന്തര സുരക്ഷാ ഭീഷണികൾ നേരിടാൻ ഇറാൻ വധശിക്ഷാ നടപടികൾ വേഗത്തിലാക്കുന്നത്.