‘പോകേണ്ടവര്‍ക്കെല്ലാം പോകാം, ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തില്ല’ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകരോട് മമത ബാനര്‍ജി
ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിട്ടുപോകണമെന്നുള്ളവർക്കെല്ലാം പോകാമെന്നും തൃണമൂൽ കോൺഗ്രസ് ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും നഷ്‌ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ച് മമത ബാനർജി. മറ്റുപാർട്ടികളിലേക്ക് ചേക്കേറമെന്നുള്ളവർക്ക് അങ്ങനെയാകാമെന്നും ആരെയും താൻ പിടിച്ചു നിർത്തില്ലെന്നും പാർട്ടിയെ താൻ കെട്ടിപ്പടുക്കുമെന്നും അവർ പറഞ്ഞു.
‘വിട്ടുപോകണമെന്ന് തോന്നുവർക്കെല്ലാം പോകാം. പാർട്ടിയെ പുനസംഘടിപ്പിക്കും. പാർട്ടിയിൽ തുടരുന്നവർ അക്രമത്തിൽ നശിച്ച പാർട്ടി ഓഫിസുകൾ പുനർനിർമിക്കണം, പെയിൻ്റടിക്കണം, തുറന്ന് പ്രവർത്തിപ്പിക്കണം. ഞാൻ വരണമെങ്കിൽ ഞാനും വന്ന് പെയിൻ്റ് ചെയ്യാം. തൃണമൂൽ കോൺഗ്രസ് മുട്ടുമടക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്’ എന്നായിരുന്നു മമതയുടെ വാക്കുകൾ. കാളിഘട്ടിലെ തൻ്റെ വസതിയിൽ ചേർന്ന പാർട്ടിയോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞതെന്നും റിപ്പോർട്ട് പറയുന്നു. യോഗത്തിൽ അഭിഷേക് ബാനർജിയുൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 294 ൽ 291 സീറ്റുകളിൽ തൃണമൂൽ സ്ഥാനർഥികളെ നിർത്തിയിരുന്നുവെങ്കിലും 80 സീറ്റുകളിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. സ്വന്തം തട്ടകമായിരുന്ന ഭബാനിപുരിൽ മമത പരാജയപ്പെട്ടു. മമതയ്ക്ക് പുറമെ പാർട്ടിയുടെ ഉന്നത നേതാക്കളും മന്ത്രിമാരുമടക്കം തോറ്റമ്പി.
പാർട്ടിയിൽ കൊഴിഞ്ഞുപോക്ക് താൻ പ്രതീക്ഷിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിറ്റേന്ന് തന്നെ മമത വ്യക്‌തമാക്കിയിരുന്നു. ‘നിരവധി നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങിയിരിക്കുകയാണെന്ന് എനിക്കറിയാം. അവർക്ക് മേൽ സമ്മർദങ്ങളുണ്ടെന്നും അറിയാം. അതേക്കുറിച്ചൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പോകണമെന്നുള്ളവർക്കെല്ലാം പോകാം. ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്താൻ ഞാൻ താൽപര്യപ്പെടുന്നില്ല. തൃണമൂൽ ഒറ്റ കുടുംബമായി തുടരും. ജനവിധി കവർന്നെടുത്തവർക്ക് മുന്നിൽ തല താഴ്ത്തില്ല. സത്യം ജയിക്കും’ എന്നായിരുന്നു അന്നത്തെ പ്രസ്താവന.