ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ തയ്യാറാകാതെ സിപിഎം നേതൃത്വം. അംഗത്വം പുനഃസ്ഥാപിച്ചു കിട്ടാൻ ബിനീഷ് അപേക്ഷ സമർപ്പിച്ചെങ്കിലും പാർട്ടി അത് പരിഗണിച്ചില്ല. ബിനീഷ് കോടിയേരിയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി നാല് തവണ എകെജി സെൻ്ററിലേക്ക് കത്തയച്ചെങ്കിലും അതിന്മേൽ അനുകൂലമായ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
എസ്എഫ്ഐ പ്രവർത്തകനായിരിക്കെയാണ് ബിനീഷിന് സിപിഎം പാർട്ടി അംഗത്വം ലഭിക്കുന്നത്. എകെജി സെൻ്റർ ബ്രാഞ്ചിലായിരുന്നു അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്നത്. എന്നാൽ, ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടർന്ന് 2021-ലാണ് അദ്ദേഹത്തിൻ്റെ പാർട്ടി അംഗത്വം നഷ്ടമാകുന്നത്.
തുടർന്ന് 2023 മുതൽ പാർട്ടിയിലേക്ക് സജീവമായി തിരിച്ചുവരാനുള്ള ശ്രമങ്ങൾ ബിനീഷ് ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പാർട്ടിക്ക് അപേക്ഷ നൽകിയത്. തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ബിനീഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തുകൾ നൽകിയെങ്കിലും സംസ്ഥാന നേതൃത്വം ഇത് പൂർണ്ണമായും തള്ളുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലും ഈ വിഷയം വലിയ രീതിയിൽ ചർച്ചയാവുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിലടക്കം പാർട്ടിക്കെതിരെ വരുന്ന ആക്ഷേപങ്ങളെ പ്രതിരോധിച്ചും പാർട്ടിയെ ശക്തമായി പിന്തുണച്ചും നിലകൊള്ളുന്ന ബിനീഷിനെ എന്തിനാണ് ഇത്തരത്തിൽ മാറ്റിനിർത്തുന്നത് എന്ന ചോദ്യമാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ ഉയർത്തിയത്.